തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തിൽ സർക്കാർ ഇത് സംബന്ധിച്ച് ഗവേഷണം നടത്തും.മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിദഗ്ദ്ധരുടെ യോഗത്തിലാണ് തീരുമാനം.
ഒരേ ജല സ്രോതസ് ഉപയോഗിച്ചവരിൽ ചിലർക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താൻ ഐ.സി.എം.ആറിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ കേസ് കൺട്രോൾ പഠനം നടത്തും. അമീബയുടെ വളർച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള പഠന റിപ്പോർട്ട് കേരള യൂണിവേഴ്സിറ്റിയുടെ എൻവെയർമെന്റ് എൻജിനിയറിംഗ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡും യോഗത്തിൽ അവതരിപ്പിച്ചു. കേരളത്തിലെ ജലാശയങ്ങളിലെ അത്തരം സാഹചര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം രോഗപ്രതിരോധത്തിനായി ആക്ഷൻ പ്ലാൻ രൂപീകരിക്കാനും തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.റീത്ത, ഐ.സി.എം.ആർ സയന്റിസ്റ്റ് ഡോ.അനൂപ് വേലായുധൻ, തോന്നയ്ക്കൽ ഐ.എ.വി ഡയറക്ടർ ഡോ.ശ്രീകുമാർ,സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഷീല മോസിസ് ,അടെൽക് പ്രിൻസിപ്പൽ ഡോ. മായ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ.സുനിജ
തുടങ്ങിയവർ പങ്കെടുത്തു.
പരിശോധനകൾ
ഐ.എ.വിയിൽ
ഗവേഷണത്തിന്റെ ഭാഗമായുള്ള പരിശോധനകൾ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലാവും നടക്കുക. .ജലാശയങ്ങളിൽ നിന്നുള്ള സാമ്പിളുകളും രോഗലക്ഷണങ്ങളുവരുടെ സാമ്പിളുകളും ഇവിടെ പരിശോധിക്കും.ഗവേഷണത്തിന് നേതൃത്വം നൽകുന്ന വിദഗ്ദ്ധർ രോഗബാധിതരുമായി സംസാരിക്കും.
ഏകീകൃത പെൻഷൻ:
സതേൺ റെയിൽവെയിൽ
62,706 പേർക്ക് പ്രയോജനം
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി റെയിൽവെ അംഗീകരിച്ചു. സതേൺ റെയിൽവെയിൽ 62,706 പേർക്കും തിരുവനന്തപുരം ഡിവിഷനിൽ 7487 പേർക്കും പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ സംഘടനകളും പുതിയ തീരുമാനം അംഗീകരിച്ചതായി സതേൺ റെയിൽവെ പ്രിൻസിപ്പൽ ഫൈനാൻസ് അഡ്വൈസർ മാളവിക ഘോഷ് മോഹൻ, പ്രിൻസിപ്പൽ ചീഫ് പേഴ്സണൽ മാനേജർ കെ. ഹരികൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സതേൺ റെയിൽവെയിൽ ആകെയുള്ള 81,311 ജീവനക്കാരിൽ 18,605 പേർ പഴയ പെൻഷൻ പദ്ധതിയിലുള്ളവരാണ്. ദേശീയ പെൻഷൻ പദ്ധതിയിലുള്ള (എൻ.പി.എസ്) 62,706 പേർ പുതിയ പദ്ധതിയിലും അംഗങ്ങളാകും. ബാക്കിയുള്ളവർക്ക് ഏത് പദ്ധതി വേണമെന്ന് തിരഞ്ഞെടുക്കാൻ അവസരമുണ്ട്.
തിരുവനന്തപുരം ഡിവിഷനിൽ ആകെയുള്ള 10,000 ജീവനക്കാരിൽ 7487 പേരാണ് എൻ.പി.എസിലുള്ളതെന്നും ഇവരെ യു.പി.എസിൽ ഉൾപ്പെടുത്തുന്നത് വഴി 30 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകുമെന്നും അസിസ്റ്റന്റ് ഡിവിഷണൽ മാനേജർ എം.ആർ. വിജി പറഞ്ഞു. കുറഞ്ഞത് 25 വർഷം സർവീസുള്ളവർക്ക് അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും പത്ത് വർഷം സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപയും പെൻഷൻ കിട്ടും. പുതിയ പദ്ധതി വിജ്ഞാപനം ചെയ്തതിന് ശേഷം ഇതിന്റെ പ്രയോജനങ്ങളെ കുറിച്ച് ജീവനക്കാർക്ക് ബോധവത്കരണം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |