പാക് ചാരവനിത ഉൾപ്പെട്ട കേസ്
കൊച്ചി:വിശാഖപട്ടണം കപ്പൽശാലയിലെ തന്തപ്രധാന വിവരങ്ങൾ ചോർത്തി പാക് ചാരവനിതയ്‌ക്ക് കൈമാറിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കൊച്ചി കപ്പൽശാലയിലെ കരാർ ജീവനക്കാരായ രണ്ട് മലയാളികളെ കസ്റ്റഡിയിലെടുത്തു.
വെൽഡർ കം ഫിറ്ററായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി അഭിഷേകിനെയും ട്രെയിനിയായ എറണാകുളം കടമക്കുടി സ്വദേശിയെയും ചോദ്യം ചെയ്യുകയാണ്. കടമക്കുടി സ്വദേശിയെ വീട്ടിൽ നിന്നും അഭിഷേകിനെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ നിന്നുമാണ് എൻ.ഐ.എ ഹൈദരാബാദ് യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.വിശാഖപട്ടണം കേസിൽ അറസ്റ്റിലായ അസാം സ്വദേശിയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് സംശയം. കേസിൽ കൊച്ചി കപ്പൽശാലയിലെ ഇലക്ട്രോണിക് മെക്കാനിക്കായ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറിൽ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. നാവിക സേനയുടെ നിർമ്മാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ, പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, മറ്റ് വിവരങ്ങൾ, വി.വി.ഐ.പികളുടെ സന്ദർശനം തുടങ്ങിയവ ഇയാൾ വഴി കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഇന്നലെ രാവിലെ മുതൽ ഉച്ചവരെ കൊച്ചി കപ്പൽശാലയിലും സ്റ്റാഫ് ക്വാർട്ടേഴ്‌സിലും എൻ.ഐ.എ പരിശോധന നടത്തി.
2021ൽ വിശാഖപട്ടണം സംഭവത്തിൽ ആന്ധ്രയിലെ കൗണ്ടർ ഇന്റലിജൻസ് രജിസ്റ്റർ ചെയ്ത കേസ് എൻ.ഐ.എ ഹൈദരാബാദ് യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു. നാലുപേർ അറസ്റ്റിലുമായി.
സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ചാര വനിതയ്ക്ക് വിവരങ്ങൾ കൈമാറിയെന്നാണ് കേസ്. 2023 മാർച്ച് 1 മുതൽ ഡിസംബർ പത്ത് വരെ എയ്ഞ്ചൽ പായൽ എന്ന ഫേസ്ബുക്ക് പേജിലേക്ക് നിർണായക വിവരങ്ങൾ കൈമാറിയെന്ന് എൻ.ഐ.എ കണ്ടെത്തി. ഏയ്ഞ്ചൽ പായൽ എന്ന അക്കൗണ്ടിലെ ചാറ്റുകൾ വീണ്ടെടുക്കാൻ കൊച്ചി സിറ്റി പൊലീസ് ഫേസ്ബുക്കിന് കത്ത് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |