കൊച്ചി: തൃശൂർ അമല സ്വദേശി മനു ജയ കൃഷ്ണൻ, വിജയരാജമല്ലികയായി മാറുന്നതിനിടയിൽ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് ദൈവത്തിന്റെ മകൾ എന്ന കവിതാ സമാഹാരത്തിലെ ഉള്ളടക്കം. മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ കവയിത്രിയായ വിജയരാജമല്ലികയുടെ ദൈവത്തിന്റെ മകൾ എന്ന കവിതാസമാഹരം മദ്രാസ് സർവകലാശാല പാഠപുസ്തകമാക്കുന്നു.
മദ്രാസ് സർവകലാശാലയുടെ എം.എ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത- ഭാഗം 2 എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉൾപ്പെടുത്തിയത്.
ഇതേ പുസ്തകത്തിലെ മരണാനന്തരം എന്ന കവിത എം.ജി സർവകലാശാലയും നീലാംബരി എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുംനേരത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. കാലടി സർവകലാശാലയിൽ എം.എ കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗിസ്റ്റിക്വിൽ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്. വിജയരാജമല്ലികയുടെ ആദ്യ കവിതാ സമാഹാരമാണ് ദൈവത്തിന്റെ മകൾ. കേരളത്തിലെ ട്രാൻസ്‌ജെൻഡറുകൾ നേരിടുന്ന പ്രശ്‌നങ്ങളും ഈ കവിതയിൽ ചർച്ചയാകുന്നു.
60 കവിതകൾ അടങ്ങിയ വിജയരാജമല്ലികയുടെ ആൺനദി എന്ന സമാഹാരവും ഉടൻ പുറത്തിറങ്ങും. ഇതോടൊപ്പം തന്റെ ആത്മകഥ രചിക്കാനുളള തയ്യാറെടുപ്പിലാണ് വിജയരാജമല്ലിക. തൃശൂർ ലീഗൽ സർവീസ് സൊസൈറ്റിയിൽ പാരാ ലീഗൽ വോളണ്ടിയറും കൂടിയാണ് വിജയരാജ മല്ലിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |