ഒരു ചെരിപ്പ് വാങ്ങുമ്പോൾ നിങ്ങൾ എന്തൊക്കെ ചെയ്യും? കൂടുതൽ ഒന്നും ചെയ്യില്ല: നേരെ കടയിൽ ചെന്ന് ഇഷ്ടപ്പെട്ട ഒരു മോഡൽ എടുക്കും. വിലയും ഒക്കുകയാണെങ്കിൽ അതങ്ങ് വാങ്ങും.ഭൂരിപക്ഷത്തിന്റെയും ഉത്തരം ഇതായിരിക്കും. എന്നാൽ അറിയുക നിങ്ങൾ വൻവിലകൊടുത്ത് നശിപ്പിക്കുന്നത് നിങ്ങളുടെ തന്നെ ആരോഗ്യമാണ്. ഹൈ ഹീൽ ഷൂസുകൾ ഉൾപ്പടെ വാങ്ങുമ്പോൾ കാര്യമായി ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുമെന്നുമാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. 'ഷൂ റോക്ക് ടെസ്റ്റ്' ഉൾപ്പടെയുള്ള പരിശോധനകളിലൂടെ ആർക്കും ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും എന്നും അവർ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഷൂ റോക്ക് ടെസ്റ്റ് വീഡിയോകൾ പ്രചരിക്കുന്നുണ്ട്.
ഷൂ റോക്ക് ടെസ്റ്റ്
പേരുകേൾക്കുമ്പോൾ വലിയൊരു പരീക്ഷണമാണ് ഇതെന്ന് കരുതിയെങ്കിൽ തെറ്റി. ഒരു പരന്ന പ്രതലത്തിൽ വച്ച് ഒരുമിനിട്ടിൽ താഴെ സമയംകൊണ്ട് ആർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു പരീക്ഷണമാണിത്. ചെരിപ്പ് കടയിലെ മേശയോ, തറയോ പരീക്ഷണത്തിനുളള സ്ഥലമായി തിരഞ്ഞെടുക്കാം. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഹൈ ഹീൽ ഷൂ ഈ പ്രതലത്തിലേക്ക് വയ്ക്കുക. തുടർന്ന് കൈകൊണ്ട് ഷൂവിന്റെ പുറകുവശത്ത് ചെറുതായി ഒന്ന് അമർത്തുക. ഈ സമയം ഷൂ വിറയ്ക്കുകയോ ആടി താഴെവീഴുകയോ ചെയ്താൽ ആ ഷൂ വാങ്ങരുത്. ഇത്തരം ഷൂസുകൾക്ക് ശരീരത്തിന്റെ ഭാരം സംതുലിതമായി വഹിക്കുന്നതിന് കഴിയില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇവ ധരിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുമെന്നത് ഉറപ്പാണെന്നും അവർ പറയുന്നു. ഇത്തരം ഷൂസുകൾ ധരിച്ചാൽ ആദ്യം കുതികാലുകൾക്ക് പ്രശ്നങ്ങൾ കണ്ടുതുടങ്ങും. ക്രമേണ മറ്റിടങ്ങളിലേക്കും ഇത് വ്യാപിക്കും.
ഷൂസുകളുടെ പിന്നിൽ അമർത്താതെയും ഷൂ റോക്ക് ടെസ്റ്റ് നടത്താം. ഷൂസുകൾ പ്രദർശിപ്പിച്ചിരിക്കുന്ന അലമാരയിൽ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം എടുത്ത് പരന്ന പ്രതലത്തിലേക്ക് വയ്ക്കുക. ഈ സമയം ഷൂ ഇളകുകയോ, മറിഞ്ഞുവീഴുകയോ ചെയ്താൽ എത്ര ഇഷ്ടപ്പെട്ടതാണെങ്കിലും അതിനോട് നോ പറയുകതന്നെ വേണം. ഹൈഹീൽ ഷൂസുകൾക്കാെപ്പം മറ്റുചെരിപ്പുകൾക്കും ഇത്തരം പരീക്ഷണം നടത്താവുന്നതാണത്രേ.
ബാലൻസ് അത്ര നിസാരമല്ല
കാലുകൾക്ക് മാത്രമല്ല ശരീരത്തിന് മൊത്തം സംരക്ഷണം നൽകുന്നതാണ് ചെരിപ്പുകൾ എന്നാണ് ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായം. ശരിയായ ബാലൻസ് നൽകുന്ന ചെരിപ്പുകൾ മാത്രം തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ ശരീരഭാരം ഇരുകാലുകളിലേക്കും തുല്യമായി വിതരണം ചെയ്യപ്പെടും. ബാലൻസ് വിതരണം ചെയ്യുന്നതിലെ നേരിയ വ്യത്യാസംപോലും പുറം, കാൽമുട്ട്, കാൽ എന്നിവയ്ക്ക് പ്രശ്നങ്ങളുണ്ടാക്കും.
ഷൂ റോക്ക് ടെസ്റ്റിൽ വിജയിച്ചാലും ആർച്ച് സപ്പോർട്ട്, കുഷ്യനിംഗ്, ഫിറ്റ് തുടങ്ങിയ മോശമാണെങ്കിൽ അത്തരം ചെരിപ്പുകൾ വാങ്ങരുതെന്നാണ് മുംബയിലെ സുരാന ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക്സ് ആൻഡ് റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് സർജറി വിഭാഗത്തിന്റെ തലവനുമായ ഡോക്ടർ സന്തോഷ് ഷെട്ടി പറയുന്നു. ചെരിപ്പുവാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
വാങ്ങുന്ന ചെരിപ്പുകൾ കാലുകൾക്ക് സുഖപ്രദമാണോ എന്ന് നോക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി ചെരിപ്പ് ധരിച്ച് കടയ്ക്കുള്ളിൽ ഒന്നുരണ്ട് ചുവടുകൾനടന്നുനോക്കുക. പ്രശ്നമൊന്നുമില്ലെങ്കിൽ മാത്രം വാങ്ങാൻ തീരുമാനിക്കുക.
കാലുകൾക്കുണ്ടാവുന്ന ആഘാതങ്ങൾ കുറയ്ക്കാൻ ചെരുപ്പുകൾക്ക് ആവണം. അതിനായി ആർച്ച് സപ്പോർട്ട് കിട്ടുന്നുണ്ടോ എന്നും നോക്കണം. കുഷ്യനിംഗും കറക്ടാണോ എന്നും നോക്കണം. കാലാവസ്ഥയ്ക്ക് അനുസരിച്ച് കാലുകളുടെ വലിപ്പ വ്യത്യാസം ഉണ്ടാവും. അത് മനസിലാക്കിവേണം ചെരിപ്പുകൾ വാങ്ങാൻ. കാൽ വിരലുകൾ സുഖമായി ചലിപ്പിക്കാൻ കഴിയുന്നോ എന്നാണ് ഇതിൽ പ്രധാനമായും നോക്കേണ്ടത്. വിരളുകൾ ചലിപ്പിക്കാൻ കഴിയാതെ ഇറുകിക്കിടക്കുന്ന ചെരിപ്പുകൾ ഒരുകാരണവശാലും വാങ്ങരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |