നടൻ സിദ്ദിഖിനൊപ്പമുള്ള വീഡിയോയിൽ വിശദീകരണവുമായി നടി ബീന ആന്റണി രംഗത്ത്. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ദിഖിന് നടിമാർ യാത്രയയപ്പ് കൊടുക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയെക്കുറിച്ചാണ് ബീന ആന്റണി തന്റെ സോഷ്യൽ മീഡിയ പേജിൽ പറയുന്നത്. സിദ്ദിഖിന്റെ മകൻ സാപ്പി മരിച്ചതിന് ശേഷം അദ്ദേഹത്തെ 'അമ്മ' മീറ്റിംഗിൽ വച്ച് കണ്ടപ്പോൾ ഉള്ള വീഡിയോയാണ് ഇതെന്നാണ് നടി പറയുന്നത്. അദ്ദേഹം തന്നെ സഹോദരിയെപ്പോലെയാണ് കണ്ടിരുന്നതെന്നും ബീന കൂട്ടിച്ചേർത്തു.
'സിനിമാ മേഖല വല്ലാത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. അമ്മയിൽ എല്ലാവരും കൂട്ടരാജിവച്ചു. ഞങ്ങൾക്കെല്ലാം തന്നെ വിഷമവും ഉത്കണ്ഠയുമുണ്ട്. അടുത്തിടെ ഒരു വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആ വിഷയത്തിൽ വ്യക്തത വരുത്തനാണ് ഞാൻ ഈ വീഡിയോ ഇടുന്നത്. സിദ്ദിഖ് ഇക്കയുടെ മകൻ സാപ്പി മരിച്ച സമയത്ത് എന്റെ സഹപ്രവർത്തകർ എല്ലാം അവിടെ പോയിരുന്നു. എന്നാൽ എനിക്ക് പനിയായി കിടപ്പായതിനാൽ പോകാൻ പറ്റില്ല. പിന്നെ ഞങ്ങൾ കാണുന്നത് അമ്മയുടെ ജനറൽ ബോഡിയിൽ ആണ്.
അപ്പോൾ ഞാൻ പോയി സംസാരിച്ചു. ആ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സാപ്പിയെ വളരെ ചെറുപ്പം മുതൽ എനിക്ക് അറിയാം. ഈ അടുത്തിടയ്ക്കും അവനും അവന്റെ സഹോദരനും ഒരുമിച്ച് പോകുന്നത് കണ്ടു. അന്നാണ് അവസാനമായി സാപ്പിയെ കണ്ടത്. മരണം എന്നത് ഓരോ ആളിന്റെയും ജീവിതത്തിൽ നടക്കുമ്പോൾ മാത്രമേ അതിന്റെ ദുഃഖം മനസിലാകു. എന്റെ അപ്പച്ചൻ മരിച്ചപ്പോൾ ഇക്ക എന്നെ വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. ഒരു സഹോദരി എന്ന നിലയിലാണ് ഇക്കയെന്നെ കാണുന്നത്. ഇക്കയുടെ പേരിൽ ആരോപണം വന്നു.
സിദ്ദിക്ക് ഇക്ക തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. അതിലേക്ക് ഒന്നും ഞാൻ പോകുന്നില്ല. അദ്ദേഹത്തിന്റെ വേദനയിൽ പങ്കുചേർന്നതാണ് ആ വീഡിയോയിൽ കാണുന്നത്. പക്ഷേ ആ ദൃശ്യത്തിന് പലരും വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ് എന്നൊക്കെ ആക്കി വരുമ്പോൾ ഒരുപാട് സങ്കടം തോന്നി. ഇതൊന്നും അറിയാത്ത പ്രേക്ഷകർ അറിയാൻ വേണ്ടിയാണ് ഞാൻ പറയുന്നത്. സംഭവം ഇതാണ്. ഇതിനെയാണ് വളച്ചുകെട്ടി ട്രോൾ ആക്കി ഇങ്ങനെ ഒക്കെ പറയുന്നത്', ബീന വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |