കൊച്ചി: വടകരയിൽ വിവാദമായ 'കാഫിർ" സ്ക്രീൻ ഷോട്ട് കേസിൽ വ്യാജരേഖ ചമയ്‌ക്കൽ അടക്കമുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം അന്വേഷണസംഘം പരിഗണിക്കണമെന്ന് ഹൈക്കോടതി. സാക്ഷി പരാമർശിച്ച ഒരാളെ ചോദ്യം ചെയ്തിരുന്നെങ്കിൽ എന്തെങ്കിലും വിവരങ്ങൾ കിട്ടുമായിരുന്നില്ലേയെന്നും ആരാഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച്, പ്രതിചേർക്കപ്പെട്ട എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നൽകിയ ഹർജിയിലാണിത്. വ്യാജരേഖ ചമച്ച് മതസൗഹാർദ്ദം തകർക്കാനായിരുന്നു ശ്രമമെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. സെപ്തംബർ ആറിന് വീണ്ടും പരിഗണിക്കും.
പലരുടെയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയെന്നും ഇവയുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും അന്വേഷണം ശരിയായ ദിശയിലാണെന്നും പറഞ്ഞു. പോസ്റ്റുകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു.
റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്‌സ്, അമ്പാടിമുക്ക് സഖാക്കൾ എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. ഇതിന്റെ അന്വേഷണം ഡി.വൈ.എഫ്.ഐ പ്രവർത്തകൻ റിബേഷിലാണ് എത്തിനിൽക്കുന്നത്. സ്‌ക്രീൻ ഷോട്ട് എങ്ങനെ കിട്ടിയതെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |