ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ തന്ത്രത്തിൽ വലിയ മാറ്റം വന്നെന്ന് ബി.ജെ.പി നേതാവ് സ്മൃതി ഇറാനി. രാഹുൽ പുതിയ തന്ത്രങ്ങളാണ് ഇപ്പോൾ പയറ്റുന്നതെന്നും സ്മൃതി ഒരു അഭിമുഖത്തിൽ പറഞ്ഞു. രാഹുലിന്റെ രാഷ്ട്രീയത്തിൽ മാറ്റമുണ്ട്. വർഷങ്ങളോളം പാടുപെട്ട് ഒടുവിൽ രാഹുൽ വിജയം രുചിക്കുന്നു.
രാഹുൽ ജാതിയെക്കുറിച്ചു സംസാരിക്കുമ്പോഴും പാർലമെന്റിൽ വെള്ള ടീഷർട്ട് ധരിച്ച് വരുമ്പോഴും അത് യുവാക്കൾക്കു നൽകുന്ന സന്ദേശമെന്തായിരിക്കുമെന്നതിൽ അദ്ദേഹം ബോധവാനാണ്. ഒരു പ്രത്യേകവിഭാഗത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തികളാണ് അവ. രാഷ്ട്രീയത്തിൽ മറ്റൊരു ഗെയിം ആസൂത്രണം ചെയ്യുകയാണ് ഇപ്പോൾ. അത് നല്ലതെന്നോ മോശമെന്നോ അപക്വമെന്നോ തോന്നിയാലും അതിനെ വിലകുറച്ചു കാണാനാവില്ല. അത് മറ്റൊരുതരം രാഷ്ട്രീയമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ പ്രാധാന്യം നിലനിറുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണത്.-സ്മൃതി പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയും സ്മൃതി വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ രാഹുൽ നടത്തിയ ക്ഷേത്രസന്ദർശനങ്ങൾ ഗുണം ചെയ്തില്ല. അത് പരിഹസിക്കപ്പെടും. ഇത്തരം പരാജയപ്പെട്ട തന്ത്രങ്ങളിൽനിന്നു മാറിനിൽക്കാനുള്ള തീരുമാനത്തെത്തുടർന്നാണ് അദ്ദേഹം വിജയിച്ചു തുടങ്ങിയത്. പഴയതന്ത്രങ്ങൾ ഫലിക്കാതെ വന്നതോടെ അദ്ദേഹം ജാതിരാഷ്ട്രീയത്തിലേക്കു കളംമാറ്റിയെന്നും സ്മൃതി പറഞ്ഞു.
2019ൽ അമേഠിയിൽ സ്മൃതി രാഹുലിനെ പരാജയപ്പെടുത്തിയിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ സ്മൃതിയെ പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |