കൊച്ചി: മുൻകൂർ ജാമ്യം തേടി കോടതിയിൽ മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ച് പരാതിക്കാരിയായ നടി. ഇമെയിൽ അയച്ചെന്ന വാദമടക്കമാണ് പരാതിക്കാരി നിഷേധിച്ചത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'ഹർജിയിൽ പറയുന്ന ഇമെയിലിനെക്കുറിച്ച് എനിക്കോർമയില്ല. വേറെ ചില കാര്യങ്ങൾ എനിക്ക് ഓർമയുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ട സമയം എന്റെ കൈയിൽ ലാപ്‌ടോപ്പ് ഉണ്ടായിരുന്നു. 2009ൽ കലണ്ടർ സിനിമയുടെ സെറ്റിൽ വച്ച്, ഈ ലാപ്‌ടോപ് എന്നെ വീട്ടിൽ വന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ചിലപ്പോൾ റോംഗ് ആയിട്ടായിരിക്കാം ചോദിച്ചത്. എന്തായാലും അന്ന് ഈ പുള്ളിക്കാരന് ലാപ്‌ടോപ്പിനെപ്പറ്റി ഒന്നും അറിയത്തില്ല. മാത്രമല്ല അന്ന് ഇമെയിൽ സന്ദേശത്തിന് വലിയ പ്രസക്തിയുമില്ല. ഇതെല്ലാം കെട്ടിച്ചമച്ചതാണ്. കേസിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള നമ്പരാണെന്നാണ് എനിക്ക് തോന്നുന്നത്.'- നടി പറഞ്ഞു.
അതേസമയം ആദ്യഭാര്യ സരിതയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ സഹായിക്കാമെന്ന് മുകേഷ് പറഞ്ഞത് ശരിയാണെന്ന് നടി വ്യക്തമാക്കി. 'സരിത ചേച്ചി മലയാളിയല്ലെങ്കിലും, മുകേഷേട്ടന്റെ രണ്ട് മക്കളെ പ്രസവിച്ചത് ചേച്ചിയല്ലേ. നിങ്ങൾക്കൊന്ന് കോംപ്രമൈസ് ആയിക്കൂടേ, ചേച്ചിയോട് ഞാൻ പോയി സംസാരിക്കട്ടേ എന്ന് ചോദിച്ചു. അപ്പോൾ പുള്ളിക്കാരൻ പറഞ്ഞത് എന്റെ പേഴ്സണൽ കാര്യത്തെക്കുറിച്ച് മമ്മൂട്ടി പോലും ഇങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ്. സഹോദരിയായി പറയുകയാണെന്നും ഞാൻ പറഞ്ഞു.
പിന്നെ ഞാൻ എന്തിനാണ് പുള്ളിക്കാരന് എന്റെ അക്കൗണ്ട് നമ്പർ അയച്ചുകൊടുക്കുന്നത്. 2022ൽ ഞാൻ ബ്ലാക്ക് മെയിൽ ചെയ്‌തെന്ന് പറയുന്നു. 2009ൽ അക്കൗണ്ട് നമ്പർ അയച്ചെന്നുമാണ് പറയുന്നത്. ഇത് രണ്ടും സിങ്ക് ആകുന്നില്ലല്ലോ. പുള്ളിയും ഞാനും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിട്ടില്ല.'- നടി വ്യക്തമാക്കി.
മുകേഷിന്റെ കൊല്ലത്തെ വീട്ടിൽ പോയിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു. മുകേഷിന്റെ മരടിലെ വില്ലയിൽ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും അതിനുള്ള തെളിവുകളുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.
തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ പരാതിക്കാരിക്ക് ഗൂഢലക്ഷ്യമുണ്ടെന്നായിരുന്നു മുകേഷ് ജാമ്യഹർജിയിൽ ആരോപിച്ചത്. തന്റെ സിനിമാ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്നും ഇത് തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് ഏഴിന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും ഹർജിയിൽ പറയുന്നു. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാൻഡിലായാൽ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും നടൻ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |