തിരുവനന്തപുരം: 'ബ്രോ ഡാഡി' സിനിമയുടെ അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദിനെതിരെയുള്ള പീഡന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി. മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതാവാണെന്നും തന്റെ കുടുംബജീവിതം പോലും അയാൾ തകർത്തുവെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് പ്രതിയെ സംരക്ഷിക്കുന്നത്. ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം മൻസൂർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പ്രധാന താരങ്ങൾ ഒഴികെ ചിത്രത്തിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷൻ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പിൽ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും ഇന്ന് തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും പരാതിക്കാരി പറഞ്ഞു.
പരാതി അറിഞ്ഞിട്ടും ഇയാളെ 'എമ്പുരാൻ' സിനിമയുടെ ഭാഗമാക്കിയെന്നും യുവതി ആരോപിക്കുന്നു. പിന്നീട് ഇയാളെ നീക്കിയെന്നാണ് അണിയറയിലുള്ളവർ അറിയിച്ചത്. ഹൈദരാബാദ് പൊലീസ് മൻസൂറിനെ അന്വേഷിച്ച് കേരളത്തിൽ വന്നപ്പോൾ ഒളിവിൽ കഴിഞ്ഞതിന് തെളിവ് കിട്ടിയിരുന്നു. ഫോൺ ട്രാക്കിംഗ് രേഖകൾ ഉൾപ്പെടെ ഇതിന് തെളിവായെന്നും പരാതിക്കാരി പറഞ്ഞു.
സിപിഎം ഉന്നത നേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും ആരും അനങ്ങിയില്ല. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജൻ എന്നിവരെ 2021ൽ തന്നെ പരാതി പറഞ്ഞ് വിളിച്ചതാണെന്നും ഇവരാരും ഒരു തരത്തിലും നടപടിയെടുത്തില്ലെന്നും ഒരു മറുപടിയും തന്നില്ലെന്നും യുവതി പറയുന്നു. നാട്ടിൽ തനിക്കും കുഞ്ഞിനുമെതിരെ വളരെ മോശം രീതിയിൽ പ്രാദേശിക പാർട്ടി നേതൃത്വത്തിന്റെ സഹായത്തോടെ ദുഷ്പ്രചാരണം നടത്തി.
പരാതി നൽകിയതിന്റെ പക വീട്ടാൻ മൻസൂർ തന്റെ കുടുംബജീവിതം തകർത്തു. ജീവഭയമുണ്ട്, ഒളിച്ചാണ് ജീവിക്കുന്നത്. നിലവിൽ ഹൈദരാബാദിൽ ജീവിക്കുന്നത് ജീവഭയത്തോടെയാണെന്നും യുവതി പറഞ്ഞു. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്ഐടിക്ക് ഇന്ന് മെയിൽ വഴി പരാതി നൽകും. ഹൈദരാബാദിലെ പരാതിയുടെ വിശദാംശങ്ങൾ അടക്കം ഇതിൽ ഉൾപ്പെടുത്തുമെന്നും യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |