ന്യൂഡൽഹി: ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷൻ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പറഞ്ഞ് ചില ഭാഗങ്ങൾ നീക്കംചെയ്തശേഷമാണ് കേരളസർക്കാർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ പല പ്രമുഖരുടെയും പേരുകൾ പുറത്തുവരില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി കഴിഞ്ഞദിവസം ദേശീയ വനിതാകമ്മിഷനെ സന്ദർശിച്ച് ഹേമകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇടപെട്ടാണ് പൂർണ റിപ്പോർട്ടിന്റെ പകർപ്പ് ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായും ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. 21 പാരഗ്രാഫ് ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നിടത്ത് 130 പാരഗ്രാഫുകളാണ് ഒഴിവാക്കിയത്. ഇത് സർക്കാരിന് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്നാണ് പ്രധാന ആക്ഷേപം. ദേശീയ വനിതാകമ്മീഷൻ ഇടപെട്ടതോടെ സർക്കാർ ഒഴിവാക്കിയിരുന്ന വേണ്ടപ്പെട്ടവരുടെ പേരുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം കമ്മിഷന്റെ നിർണായക ഇടപെടലുകളും വിഷയത്തിലുണ്ടാവും.
ഹേമാ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലിനെത്തുടർന്ന് മുകേഷ്, സിദ്ദിഖ്, മണിയൻപിളള രാജു,ജയസൂര്യ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുകേഷിനും സിദ്ദിഖിനുമെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ മുകേഷിന്റെ അറസ്റ്റ് കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന തെളിവെടുപ്പിൽ സിദ്ദിഖിനെ കുടുക്കുന്ന തരത്തിലുള്ള സാഹചര്യ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
അതിനിടെ 'ബ്രോ ഡാഡി' സിനിമയുടെ അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദിനെതിരെയുള്ള പീഡന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി. മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതാവാണെന്നും തന്റെ കുടുംബജീവിതം പോലും അയാൾ തകർത്തുവെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം മൻസൂർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പ്രധാന താരങ്ങൾ ഒഴികെ ചിത്രത്തിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷൻ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പിൽ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും ഇന്ന് തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും പരാതിക്കാരി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |