ചെന്നൈ: തമിഴ് സിനിമാ മേഖലയിൽ പ്രശ്‌നങ്ങളില്ലെന്നും മലയാളത്തിൽ മാത്രമാണുള്ളതെന്നും നടൻ ജീവ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു താരം. തേനിയിലെ ഒരു സ്വകാര്യച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടൻ.
'മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് മലയാളത്തിൽ ഇപ്പോൾ നടക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തെറ്റാണ്. സൗഹൃദ അന്തരീക്ഷമാണ് സിനിമാസെറ്റുകളിൽ വേണ്ടത്'- നടൻ പറഞ്ഞു.
ഇതിനിടെ ജീവയും മാദ്ധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. രാധിക ശരത്‌കുമാറിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നടനെ പ്രകോപിപ്പിച്ചത്. നല്ലൊരു പരിപാടിക്ക് വരുമ്പോൾ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് നടൻ പറഞ്ഞു. എന്നാൽ ചോദ്യം ആവർത്തിച്ചത് നടനെ പ്രകോപിപ്പിക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ശേഷം കൂടുതൽ പ്രതികരിക്കാതെ നടൻ സ്ഥലം വിടുകയായിരുന്നു.
കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. രാധികയുടെ വെളിപ്പെടുത്തൽ ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെ നടിയിൽ നിന്ന് വിവരങ്ങൾ തേടിയിരിക്കുകയാണ് അന്വേഷണ സംഘം.
അതേസമയം, തമിഴ് സിനിമയിലെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാൻ തമിഴ് താരസംഘടനയായ നടികർ സംഘം ഉടൻതന്നെ കമ്മിറ്റി രൂപീകരിക്കുമെന്ന് ജനറൽ സെക്രട്ടറിയായ നടൻ വിശാൽ അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |