നടവയൽ (വയനാട്): പിന്നാക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയ പ്രശസ്ത എഴുത്തുകാരനും സിനിമ, നാടക പ്രവർത്തകനുമായ കെ.ജെ. ബേബി (കനവ് ബേബി, 70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിന് സമീപത്തെ കളരിയിൽ ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു രാവിലെ 10 മുതൽ 12 വരെ നടവയൽ കോ-ഓപ്പറേറ്റീവ് കോളേജിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടിന് തൃശ്ശിലേരി ശാന്തികവാടത്തിൽ സംസ്കരിക്കും.
മാനന്തവാടിക്കടുത്തെ തൃശ്ശിലേരി പൊതുശ്മശാനത്തിൽ ശരീരം ദഹിപ്പിച്ച് ചിതാഭസ്മം കബനി നദിയിലൊഴുക്കണമെന്ന് അദ്ദേഹം കുറിപ്പെഴുതി വച്ചിരുന്നു. പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ഇംഗ്ളീഷ് പ്രൊഫസറായിരുന്ന അന്തരിച്ച ഷേർലിയാണ് ഭാര്യ. മക്കൾ: ശാന്തിപ്രിയ, ഗീതിപ്രിയ.
1954 ഫെബ്രുവരി 27നാണ് ജനനം. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1994ൽ കനവ് എന്ന പേരിൽ സ്ഥാപനം തുടങ്ങി. വയനാട്ടിലെ മണ്ണിനെയും മനുഷ്യരെയും ആചാരങ്ങളെയും കലയെയുമൊക്കെ ലോകജനതയ്ക്ക് പരിചയപ്പെടുത്തിയത് ബേബിയായിരുന്നു.
വയനാട് സാംസ്‌കാരിക വേദി എന്ന കൂട്ടായ്മയിലൂടെ 18 കലാകാരന്മാരെ അണിനിരത്തി കേരളത്തിലും പുറത്തും നാടകം അവതരിപ്പിച്ചിട്ടുണ്ട്. നാടകം കളിച്ചതിന്റെ പേരിൽ ജയിലിലും കിടക്കേണ്ടി വന്നു. അടിയന്തരാവസ്ഥക്കാലത്ത് തന്റെ 'നാടുഗദ്ദിക' എന്ന നാടകവുമായി സംസ്ഥാനത്തെമ്പാടും സഞ്ചരിച്ചു.
അപൂർണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശ് മരണം, കീയൂലോകത്ത് നിന്ന്, ഉയിർപ്പ്, കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത്, ഗുഡ, മാവേലിമൻറം, ബെസ്പുർക്കാന, ഗുഡ് ബൈ മലബാർ എന്നിവയാണ് പ്രധാനകൃതികൾ. അദ്ദേഹം രചിച്ച 'നാട് എൻ വീട് ഈ വയനാട്..' എന്ന ഗാനം ഹിറ്റായിരുന്നു. കേരള സാഹിത്യ അക്കാഡമി അവാർഡ്, ജോസഫ് മുണ്ടശ്ശേരി അവാർഡ്, കേരള സർക്കാരിന്റെ ഭാരത് ഭവൻ ഗ്രാമീണ നാടക സമഗ്രസംഭാവന പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |