മേപ്പാടി: മുണ്ടക്കൈ, ചൂരൽമല സ്‌കൂളുകളിലെ കുട്ടികൾക്ക് ഇന്ന് ക്ളാസ് ആരംഭിക്കും. മേപ്പാടി ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലാണ് പുനഃപ്രവേശനോത്സവം. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പുനഃപ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുക. വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ഒ.ആർ കേളു അദ്ധ്യക്ഷനാകും.
ജൂലായ് 31ന് പുലർച്ചെയാണ് നാടിനെയാകെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. കുട്ടികൾക്ക് അവരുടെ സ്‌കൂളും സഹപാഠികളും ബന്ധുക്കളുമെല്ലാം ദുരന്തത്തിൽ നഷ്‌ടമായി. മുണ്ടക്കൈ, ചൂരൽമല, അട്ടമല ഭാഗത്തെ വിദ്യാർത്ഥികൾക്കാണ് ഇന്ന് ക്ളാസ് തുടങ്ങുന്നത്.
വെള്ളാർമല ഗവ.സ്‌കൂൾ, മുണ്ടക്കൈ ജി.എൽ.പി സ്‌കൂൾ എന്നിവ ദുരന്തത്തിൽ ഇല്ലാതെയായി. വെള്ളാർമല സ്‌കൂളിലെ കുട്ടികൾക്ക് മേപ്പാടി ഹയർസെക്കന്ററി സ്‌കൂളിലും മുണ്ടക്കൈ ജി.എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് എ.പി.ജെ ഹാളിൽ സജ്ജമാക്കിയ റൂമിലും ക്ളാസ് നടക്കും.
വെള്ളാർമല സ്‌കൂളിലെ 546 കുട്ടികൾക്കും മുണ്ടക്കൈ ജി.എൽ.പി എസിലെ 61 കുട്ടികൾക്കുമാണ് മറ്റ് രണ്ട് സ്‌കൂളുകളിൽ പഠനം സജ്ജമാക്കിയത്. ഇന്നത്തെ പുനഃപ്രവേശനോത്സവത്തിൽ മറ്റ് മന്ത്രിമാരും കൽപ്പറ്റ എംഎൽഎ ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്‌ക്കാർ, കളക്‌ടർ ഡി.ആർ മേഘശ്രീ എന്നിവരും പങ്കെടുക്കും.
സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകണത്തോടെയായിരുന്നു പുത്തുമലയിലെ പുനരധിവാസം. മേപ്പാടി ടൗണിന് സമീപം പൂത്തകൊല്ലിയിലെ അഞ്ചേക്കറിലാണ് 56 കുടുംബങ്ങൾക്ക് വീടൊരുക്കിയത്. ചെറിയ പരാതികളുണ്ടെങ്കിലും എല്ലാവരെയും ഒരിടത്ത് പുനരധിവസിപ്പിച്ചത് ദുരന്തബാധിതർക്ക് ആശ്വാസമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |