തിരുവനന്തപുരം: സപ്ലൈകോയുടെ ഓണം ഫെയർ അഞ്ച് മുതൽ 14 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്കിൽ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആറ് മുതൽ 14 വരെ ജില്ലാതല ഫെയറുകളും 10 മുതൽ 14 വരെ താലൂക്ക്/നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 13 സബ്സിഡി സാധനങ്ങൾക്ക് പുറമേ ശബരി, എഫ്.എം.സി.ജി ഉത്പന്നങ്ങൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. കൈത്തറി ഉത്പന്നങ്ങളും ജൈവ പച്ചക്കറിയും ഫെയറിൽ ലഭിക്കും.
വിപണി ഇടപെടലിന് 300 കോടി രൂപയുടെ അവശ്യസാധനങ്ങൾക്ക് സപ്ലൈകോ പർച്ചെയ്സ് ഓർഡർ നൽകി. 200ലധികം നിത്യോപയോഗ സാധനങ്ങൾക്കും വിലക്കുറവുണ്ടാകും. നെയ്യ്, തേൻ തുടങ്ങിയ ഉത്പന്നങ്ങൾക്ക് 45 ശതമാനം വിലക്കുറവുണ്ടാകും. 255 രൂപയുടെ ആറ് ഉത്പന്നങ്ങൾ 189 രൂപയ്‌ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് പാക്കേജുമുണ്ടാവും. ഉച്ചയ്‌ക്ക് രണ്ട് മുതൽ നാലു വരെ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവുള്ള ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്സ് സ്‌കീമുമുണ്ടാകും. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് കോമ്പോ-ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭിക്കും.
മഞ്ഞ കാർഡുകൾക്ക് ഓണകിറ്റ് 9 മുതൽ
എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്ക് റേഷൻ കടകളിലൂടെ ഒമ്പതു മുതൽ ഓണക്കിറ്റ് വിതരണം ചെയ്യും. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാറേഷൻ കാർഡുടമകൾക്കും ഓണക്കിറ്റ് നൽകും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 10 മുതൽ ഉദ്യോഗസ്ഥർ നേരിട്ട് കിറ്റുകളെത്തിക്കും. സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണത്തിന് 34.29 കോടി സർക്കാർ ചെലവഴിക്കും. മഞ്ഞക്കാർഡുടമകൾക്ക് ഒരു കിലോ പഞ്ചസാരയും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |