ആലുവ: നിർമ്മാണം ആരംഭിച്ചിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ട സീപോർട്ട് എയർപോർട്ട് റോഡ് പൂർത്തീകരിക്കുന്നതിന് ഇനിയും 1000 കോടി രൂപ കൂടി വേണം. നിലവിലെ സാഹചര്യത്തിൽ ഈ സർക്കാരിന്റെ കാലത്ത് പദ്ധതി പൂർത്തിയാകാൻ സാദ്ധ്യതയില്ല. ഇരുമ്പനം മുതൽ കളമശേരി എച്ച്.എം.ഡി വരെയാണ് നിലവിൽ നിർമ്മാണം പൂർത്തിയായിട്ടുള്ളത്. എൻ.എ.ഡി മുതൽ മഹിളാലയം വരെ റോഡിനായി 76.10 ഏക്കർ സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനും 34 കെട്ടിടങ്ങൾ പൊളിക്കുന്നതിനും നഷ്ടപരിഹാരമായി 619.15 കോടിയും റോഡ് നിർമ്മാണത്തിന് 102.88 കോടിയും വേണം. മഹിളാലയം മുതൽ എയർപോർട്ട് വരെ 4.5 കീ.മീറ്റർ ഭാഗം ഏറ്റെടുക്കുന്നതിന് 210 കോടി ആവശ്യമാണ്. ഇവിടെ റോഡ് നിർമ്മാണത്തിനും കോടികൾ വേണം.
ആലുവ മണ്ഡലത്തിന്റെ ഭാഗമായ എൻ.എ.ഡി മുതൽ എയർപോർട്ട് വരെയുള്ള ഭാഗത്തെ നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്. സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ലാന്റ് അക്വിസിഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ സ്ഥലമേറ്റെടുക്കുന്നതിനാവശ്യമായ തുക കിഫ്ബി അനുവദിച്ചിട്ടില്ല. മൂന്നാം ഘട്ടമായ മഹിളാലയം മുതൽ എയർപോർട്ട് വരെയുള്ള ഭാഗത്തും ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ട് അനുവദിക്കേണ്ടതുണ്ട്.കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. അബ്രഹാമിനെ അൻവർസാദത്ത് എം.എൽ.എ നേരിൽ കണ്ട് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |