പിവി അൻവർ എംഎയ്ക്ക് പിന്തുണ നൽകുന്ന ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും കെടി ജലീൽ. ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ. വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാന്മാർ കുടുങ്ങും. സംശയം വേണ്ട എല്ലാ കള്ളനാണയങ്ങളും തുറന്നുകാട്ടപ്പെടും എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജലീൽ പറയുന്നുണ്ട്. ചുമരുകൾക്ക് ജീവനുള്ള കാലമാണിത്.ദൈവത്തിന്റെ കണ്ണുകൾ എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട് എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!
വഞ്ചകരും അഴിമതിക്കാരുമായ IPS ഏമാൻമാർ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് "പ്രമുഖ്മാർ" തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകൾക്ക് ജീവനുള്ള കാലമാണിത്."ദൈവത്തിന്റെ കണ്ണുകൾ"എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വർണ്ണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും.
സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല. ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പോലീസ് ഓഫീസർമാരെ അവരുടെ കയ്യിലിരിപ്പിൻ്റെ "ഗുണം" കൊണ്ട്, സർവീസിൽ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികൾ ആ ധീര സഖാവിൽ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും. പി.വി അൻവർ എം.എൽ.എ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ. അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത "തൃശൂർപൂരം".
ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പ്രഖ്യാപിച്ച കെടി ജലീൽ, എഡിജിപി അജിത്ത് കുമാറിനെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ അന്‍വറിന് പിന്തുണ നല്‍കി നേരത്തേയും രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |