തിരുവനന്തപുരം: ഒരുമാസം 50 ലക്ഷം രൂപയുടെയടുത്ത് വരുമാനം നേടി കെഎസ്‌ആർടിസിയുടെ വികാസ് ഭവൻ ഡിപ്പോ. 14 ഇലക്‌ട്രിക് ബസ് സർവീസ് കൊണ്ടാണ് വികാസ് ഭവനിൽ 43.81 ലക്ഷം രൂപ വരുമാനം നേടിയത്. ഈ വർഷം ജനുവരിയിൽ 19.72 ലക്ഷം മാത്രമായിരുന്നു വരുമാനം. എന്നാൽ ഓഗസ്റ്റ് മാസത്തിൽ 24 ലക്ഷം കൂടുതൽ വരുമാനം ചേർത്ത് 43.81 ലക്ഷമായി വരുമാനം.
ഗതാഗത മന്ത്രി ഗണേശ് കുമാറിന്റെയും കോർപറേഷൻ സിഎംഡിയുടെയും പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ഇലക്‌ട്രിക് ബസുകളിൽ വരുമാനം കുറഞ്ഞവയുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചു. ഇതോടെ പ്രതിദിനം ഒന്നരലക്ഷം രൂപ വരുമാനം ലഭിച്ചുതുടങ്ങി. മുൻപ് 64,000 മാത്രമായിരുന്നു വരുമാനം. മിക്ക ഡിപ്പോകളിലും ഷെഡ്യൂൾ പരിഷ്‌കാരം വന്നാൽ ഒന്നുമുതൽ അഞ്ച് ലക്ഷം വരെ നേരിയ വർദ്ധനയാണ് ഉണ്ടാകാറ്. ഇവിടെ പക്ഷെ വരുമാനം കുത്തനെ കൂടി. ഇപികെഎം 54 ആയി. മുൻപ് ഇത് 35 ആയിരുന്നു.
നിലവിൽ വരുമാനമുള്ളവ നിലനിർത്തിയാണ് ക്രമീകരണം നടത്തിയത് എന്ന് വികാസ് ഭവൻ യൂണിറ്റ് ഓഫീസർ സി.പി പ്രസാദ് പറഞ്ഞു. ജീവനക്കാർക്ക് അഭിനന്ദനം അറിയിച്ചതിനൊപ്പം ഒരുകിലോമീറ്ററിന് 65 വരുമാനം ലഭിക്കുന്ന തരത്തിൽ ബസുകളെ മാറ്റുമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |