ന്യൂഡൽഹി : അന്വേഷണത്തിൽ ശേഖരിച്ച രേഖകൾ വിചാരണയ്‌ക്ക് മുമ്പ് പ്രതിക്ക് നൽകാൻ കഴിയില്ലെന്ന ഇ.ഡി നിലപാട് ചോദ്യംചെയ്‌ത് സുപ്രീംകോടതി. കുറ്റപത്രം സമർപ്പിച്ച ശേഷവും നിർണായക രേഖകൾ പ്രതിക്ക് നിഷേധിക്കാൻ കഴിയുമോയെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്സാനുദ്ദിൻ അമാനുള്ള, അഗസ്റ്രിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സാങ്കേതിക കാരണങ്ങളാണ് ഇ.ഡി പറയുന്നത്. ഈ നിലപാട് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്ന പ്രതിയുടെ 'വ്യക്തി സ്വാതന്ത്ര്യം' എന്ന മൗലികാവകാശത്തെ ലംഘിക്കുന്നതല്ലേയെന്ന് കോടതി ആരാഞ്ഞു. നിയമങ്ങളും ഭരണഘടനയുടെ വ്യാഖ്യാനവും വികസിച്ച കാലമാണ്. ഇന്നത്തെ ലോകത്ത് ഇത്തരം രേഖകൾ സാങ്കേതിക കാരണങ്ങൾ കൊണ്ട് നൽകാനാകില്ലെന്ന് പറയാനാകുമോയെന്നും സംശയം പ്രകടിപ്പിച്ചു. വിചാരണയ്‌ക്ക് മുമ്പുള്ള ഘട്ടത്തിൽ രേഖകൾ പ്രതിക്ക് നൽകാൻ പ്രോസിക്യൂഷന് ബാദ്ധ്യതയില്ലെന്ന് സരള ഗുപ്‌ത കേസിൽ ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇ.ഡി പിടിച്ചെടുത്ത രേഖകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടോയെന്ന വിഷയത്തിൽ ഇന്നലെ വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റി.
ഭാഗം പറയാൻ പ്രതിക്ക് അവകാശം
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ തന്റെ ഭാഗം പറയാൻ പ്രതിക്ക് അവകാശമുണ്ടെന്ന് കോടതി
പക്കലില്ലാത്ത രേഖകൾ പ്രതിക്ക് ഉപയോഗിക്കണമെങ്കിൽ അവ ലഭ്യമാക്കണം
പ്രതിയുടെ കൈയിലുള്ള രേഖകൾ വച്ചു വാദം മതിയെന്ന് ഇ.ഡിക്ക് പറയാനാകില്ല
അത്തരം സമീപനം ഏകപക്ഷീയമാണ്
എല്ലാം സുതാര്യമാകുന്നതിൽ എന്താണ് തടസം
രേഖകൾ അത്രയധികം നിർണായകമാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്
അന്വേഷണത്തെ
ബാധിക്കുമെന്ന് ഇ.ഡി
വിചാരണാനടപടികൾ തുടങ്ങിയ ശേഷം മാത്രമേ രേഖകൾക്ക് പ്രതിക്ക് അവകാശമുള്ളുവെന്ന് ഇ.ഡി വാദിച്ചു. അതുവരെ ഇ.ഡി തയ്യാറാക്കിയ പട്ടികയിലുള്ള രേഖകൾ മാത്രമേ കൈമാറാൻ കഴിയൂ. അതല്ലെങ്കിൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |