കരാർ കമ്പനിക്ക് ലക്ഷങ്ങൾ കുടിശ്ശിക
കൊല്ലം: ലൈസൻസിന്റെയും ആർ.സി ബുക്കിന്റെയും അച്ചടിക്കരാർ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനം, വൻ തുക കുടിശ്ശിക ആയതോടെ പിൻതിരിഞ്ഞു നിൽക്കുന്നതിനാൽ രണ്ടിന്റെയും വിതരണം മുടങ്ങി. മൂന്നു മാസം മുമ്പ് ടെസ്റ്റ് വിജയിച്ചവർക്കു പോലും പുതിയ സ്മാർട്ട് ലൈസൻസ് കിട്ടുന്നില്ല. ഐ.ടി.എൽ പെറ്റ്ജി ആണ് കരാർ ഏറ്റെടുത്തിരുന്നത്.
അപേക്ഷകർ ലൈസൻസിനും ആർ.സി ബുക്കിനും അടച്ച ഫീസ് കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പിന് കൈമാറാത്തതാണ് കുടിശ്ശികയുടെ കാരണം. ജില്ലയിൽ ദിവസം ശരാശരി 200 പേരാണ് ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുന്നത്. 150 ഓളം ആർ.സി ബുക്ക് അപേക്ഷകളും എത്താറുണ്ട്. ഇത്തരത്തിൽ ജില്ലയിൽ ഏകദേശം പതിനാറായിരത്തോളം പേർക്ക് ലൈസൻസ് കിട്ടാനുണ്ട്. പന്ത്രണ്ടായിരത്തോളം പേർ ആർ.സി ബുക്കിനായും കാത്തിരിക്കുകയാണ്.
വാഹന പരിശോധനയിൽ ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതിയെങ്കിലും പൊലീസ് അസൽ ലൈസൻസിനും ആർ.സി ബുക്കിനും വേണ്ടി നിർബന്ധം പിടിക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ഇതര സംസ്ഥാനങ്ങളിലേക്ക് യാത്രപോകുന്നവരും സമാനമായ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
നൽകാനുള്ളത് (ഏകദേശം)
ഡ്രൈവിംഗ് ലൈസൻസ്: 16,000
ആർ.സി ബുക്ക്: 12,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |