തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്കായി കൂട്ടായി പോരാടാൻ സംസ്ഥാന ധനമന്ത്രിമാരുടെ കോൺക്ളേവ് 12ന് തിരുവനന്തപുരത്ത് നടത്തും. കേരളത്തിന് പുറമെ കർണാടക,തമിഴ്നാട്,പഞ്ചാബ്,തെലങ്കാന ധനമന്ത്രിമാരും ധന സെക്രട്ടറിമാരും രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധരും പങ്കെടുക്കും.പതിനാറാം ധനകാര്യകമ്മിഷന്റെ മാനദണ്ഡങ്ങൾ നിർണ്ണയിക്കാൻ കൂട്ടായപോരാട്ടമാണ് കോൺക്ളേവിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തിക ഫെഡറലിസത്തിനായി കേരളം ഡൽഹിയിൽ ധർണ്ണയും സുപ്രീംകോടതിയിൽ കേസും നടത്തിയതിന് പിന്നാലെയാണ് ധനമന്ത്രിമാരുടെ കോൺക്ളേവ്.
2026മുതലാണ് 16-ാം ധനകാര്യ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക. സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം പങ്കിടുന്നതും വായ്പാപരിധി നിർണ്ണയിക്കുന്നതും ഉൾപ്പെടെ കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾക്കുള്ള മാനദണ്ഡങ്ങളാണ് ധനകാര്യകമ്മിഷൻ ശുപാർശ ചെയ്യുക. നികുതി വിഹിതത്തിന്റെ 63% കൈയടക്കുന്ന കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം നീതിപൂർവമല്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വൻസാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത് ഈ സമീപനമാണ്. ഇതിനെതിരെ കേരളത്തിന്റെ പോരാട്ടങ്ങൾ ഫലിക്കാത്തതിനാലാണ് സമാന സംസ്ഥാനങ്ങളെ ചേർത്തുള്ള പോരാട്ടം. ഇതിൽ സാമ്പത്തിക വിദഗ്ദ്ധരെ കൂടി ചേർത്താൽ സമ്മർദ്ദ ശക്തിയാകുമെന്നാണ് പ്രതീക്ഷ.
12ന് മാസ്കോട്ട് ഹോട്ടലിലാണ് കോൺക്ളേവ്. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും.തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെഗൗഡ,പഞ്ചാബ് ധനമന്ത്രി ഹർപാൽസിങ് ചീമ,തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കും. ഉച്ചയ്‌ക്കുശേഷം ചർച്ചയിൽ വിദഗ്ദ്ധർ പങ്കെടുക്കും.
പങ്കെടുക്കുന്ന സാമ്പത്തിക വിദഗ്ദ്ധർ
കേന്ദ്ര സർക്കാരിന്റെ മുൻസാമ്പത്തിക ഉപദേഷ്ടാവ് ഡോ.അരവിന്ദ് സുബ്രഹ്മണ്യൻ, കേരള ആസൂത്രണകമ്മിഷൻ വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ, ഡോ.ടി.എം.തോമസ് ഐസക്, കേന്ദ്ര കാബിനറ്റ് മുൻസെക്രട്ടറി കെ.എം.ചന്ദ്രശേഖരൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, ഡോ.എം.എ.ഉമ്മൻ, ഡോ.ഡി.കെ.ശ്രീവാസ്തവ, ഡോ.പ്രഭാത് പട്നായിക്, ഡോ.സി.പി.ചന്ദ്രശേഖർ, ഡോ.ജയതി ഘോഷ്, ഡോ.സുശീൽ ഖന്ന, ഡോ.എം.ഗോവിന്ദറാവു, ഡോ.പിനാകി ചക്രവർത്തി, പ്രൊഫ.കെ.എൻ.ഹരിലാൽ, ആർ.മോഹൻ, ഡോ.സി.വി.വീരമണി, ഡോ.കെ.ജെ.ജോസഫ്, പ്രൊഫസർ ലേഖചക്രബർത്തി, ഡോ.പി.ഷഹീന, കെ.കെ.കൃഷ്ണകുമാർ .
മുദ്രപ്പത്ര പ്രതിസന്ധി മാറ്റാൻ
മൂല്യംതിരുത്തും:ബാലഗോപാൽ
തിരുവനന്തപുരം: മുദ്രപ്പത്ര ക്ഷാമം താല്ക്കാലികമായി പരിഹരിക്കാൻഉപയോഗിക്കാനാകാതെ മാറ്റിവെച്ച രണ്ടും മൂന്നും രൂപ വിലയുള്ള മുദ്രപ്പത്രങ്ങളുടെ മൂല്യം തിരുത്തിനൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
ട്രഷറി വകുപ്പും രജിസ്ട്രേഷൻ വകുപ്പും ചേർന്നാണ് ചെയ്യുന്നത്.
കുറഞ്ഞ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ
നാസിക്കിലെ പ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇ-സ്റ്റാമ്പ് നടപടികൾ പുരോഗമിക്കുകയാണ്.
ഇ-സ്റ്റാമ്പ് സംവിധാനം തുടരുമ്പോഴും കുറച്ചുകാലംകൂടി പേപ്പർ സ്റ്റാമ്പ് ഉപയോഗിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുദ്രപ്പത്രക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഇതേതുടർന്നാണ് ധനമന്ത്രിയുടെ വിശദീകരണം.
50-100- 500 രൂപകൾക്കുളളമുദ്രപ്പത്രങ്ങളാണ് കിട്ടാനില്ലാത്തത്. പകരം 1,000 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട അവസ്ഥയാണിപ്പോൾ.മൂല്യം കുറഞ്ഞ മുദ്രപ്പത്രങ്ങൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ ഇ-സ്റ്റാമ്പ് നടപ്പാക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും പൂർണ്ണതോതിലായിട്ടില്ല.
ജനന സർട്ടിഫിക്കറ്റുകൾ, സർക്കാർ ഓഫീസുകളിൽ സമർപ്പിക്കുന്ന മറ്റ് രേഖകൾ, വാടക, വ്യാപാര കരാറുകൾ, ബോണ്ടുകൾ തുടങ്ങിയവയുടെ സത്യവാങ്മൂലം തയ്യാറാക്കുന്നതിന് 50 രൂപ 100 രൂപ മുദ്രപ്പത്രങ്ങളാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |