തിരുവനന്തപുരം:പി.വി.അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാത്തവർക്കു നേരെ ലാത്തി വീശി. നിലത്തുവീണ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ തലയ്ക്കാണ് അടിയേറ്റത്. ചോരവാർന്നിട്ടും പിൻമാറാതെ റോഡിലിരുന്ന് പ്രതിഷേധിച്ചു.
തല അടിച്ചു പൊട്ടിച്ച കന്റോൺമെന്റ് എസ്.ഐ ജിജുവിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഇത്. കെ.പി.സി.സി ജനറൽ എം.ലിജു അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ വന്ന് അനുനയിപ്പിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ജലപീരങ്കി പ്രയോഗത്തിൽ ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരിക്കേറ്റു. മറ്റു നാലു പ്രവർത്തകർക്കും പരിക്കേറ്റു. കന്റോൺമെന്റ് എസ്.എച്ച്.ഒ പ്രജീഷ് ശശി,സബ് ഇൻസ്പെക്ടർ ജിജു കുമാർ,ഒരു വനിത പൊലീസ് എന്നിവർക്കും സംഘർഷത്തിൽ പരിക്കേറ്റു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദ്ദിക്കുമെന്ന് സമരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക്മുമ്പ്
പി.വി.അൻവർ പരിഹാസ്യരൂപേണ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നതായി യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്നും ആരോപിച്ചു.
മാർച്ച് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു.അധോലക സംഘങ്ങളുടെ തലവനായി മുഖ്യമന്ത്രി മാറിയെന്ന് ഹസൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
പട്ടാളം വെടിവെച്ചാലും
സമരം തീരില്ല:സുധാകരൻ
പട്ടാളം വന്ന് വെടിവെച്ചാലും ഈ സമരം ഇവിടെ തീരില്ലെന്ന് സംഘർഷ സ്ഥലത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പൊലീസുകാരെ വെല്ലുവിളിച്ചു.
കൈയാങ്കളിയും ആയുധം കാട്ടിയുള്ള ഭീഷണിയും വേണ്ട. തല്ലി ചോരവരുത്തി ഒതുക്കാനും നോക്കണ്ട.അതിന് തുനിയുന്ന ഓരോ പൊലീസുകാരനെയും വ്യക്തിപരമായി നാട്ടിൽ വച്ചു കണ്ടുമുട്ടും. ഇന്ന് മുതൽ നോക്കിക്കോയെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |