പി.വി.അൻവർ എം.എൽ.എ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളുടെ യഥാർത്ഥ ലക്ഷ്യം സംസ്ഥാന ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമാണ്. അത് അറിയാതെ എ.ഡി.ജി.പി അജിത് കുമാറിനും പത്തനംതിട്ട എസ്.പി സുജിത് ദാസിനും പിറകേ പോയതുകൊണ്ട് കാര്യമില്ല. അൻവറിന്റേത് രാഷ്ട്രീയ ആരോപണമാണെന്ന് മനസിലാക്കിയാൽ ഈ സംശയം ഇല്ലാതാകും.
ശശി മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെയും പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. അക്കാലത്ത് തന്നെയാണ് പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതും. പിണറായി വിജയൻ അന്ന് ശശി വഴി സംസ്ഥാനം ഭരിച്ചുവെന്നാണ് ആരോപണങ്ങൾ. ആ ബാന്ധവത്തിന്റെ അടിസ്ഥാനത്തിലാണ് മോശം കാര്യത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശശിയെ തിരികെ കൊണ്ടുവന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം വരെയാക്കി വീണ്ടും സുപ്രധാനമായ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ അവരോധിച്ചത്. ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉപദേശങ്ങൾ നൽകാനും സഹായിക്കാനുമുള്ള ചുമതലയാണ് പൊളിറ്റിക്കൽ സെക്രട്ടറിയുടേത്. അതിനർത്ഥം മുഖ്യമന്ത്രിയുടെ നടപടികളെ ശശി സ്വാധീനിക്കുന്നുണ്ട് എന്നുതന്നെയാണ്.
തൃശൂർ പൂരം കലക്കിയതിന് പിന്നിലും എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് അൻവർ പറയുന്നതിലും രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ട്. ആ ആരോപണവും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കും പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കുമാണ്. ഈ പ്രശ്നം ഇടതുസ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിന് ദോഷം ചെയ്തപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ഗുണകരവുമായി. ഓൺലൈൻ ചാനലിൽ നിന്ന് രണ്ട് കോടി കൈപ്പറ്റിയെന്നതും തെളിവില്ലാത്ത ആരോപണമാണ്.ഇതിലൊന്നും എ.ഡി.ജി.പി അജിത് കുമാറിനെ പെടുത്തുക എളുപ്പമല്ല. കവടിയാറിൽ കൊട്ടാരം പണിയുന്ന കാര്യത്തിൽ അങ്ങേയറ്റം സംഭവിക്കാവുന്നത് വരുമാനത്തിലേറെ സ്വത്ത് സമ്പാദിച്ചുവെന്ന കേസ് മാത്രമാണ്. അൻവറിന്റെ ആരോപണത്തിൽ അജിത്തിനെതിരെ നടപടിയെടുത്താൽ സ്വാഭാവികമായും പി.ശശിയും പ്രതിരോധത്തിലാകും. അങ്ങനെ ഒരു നീക്കം അസംഭവ്യമെന്നുതന്നെ കരുതാം.
എന്നാൽ സുജിത് ദാസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണ്.വൈകിയെങ്കിലും സസ്പെൻഡ് ചെയ്തത് ഉചിതമായി. കുടുക്കാനുള്ള ചോദ്യങ്ങൾ ഇട്ടുകൊടുത്ത് മറുപടി പറയിപ്പിച്ചാണ് എം.എൽ.എയുമായുള്ള ഫോൺ സംഭാഷണങ്ങൾ റെക്കാർഡ് ചെയ്തിട്ടുള്ളത്. ഈ ഓഡിയോ ക്ളിപ്പിലുള്ള സുജിത്ത് ദാസിന്റെ സംഭാഷണം എക്സ്ട്രാ ജുഡിഷ്യൽ കൺഫെഷനായി പരിഗണിക്കാം. എസ്.പി ഓഫീസിലെ മരങ്ങൾ മുറിച്ച് ഫർണിച്ചറാക്കി കടത്തിയത് സമ്മതിച്ച പോലെയാണ്. അത് അയാൾക്ക് കുരുക്കാകും. സർക്കാർ സ്വത്ത് സ്വന്തമാക്കിയത് ക്രിമിനൽ തിരിമറിയാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ബാധകമാകും.
കുറ്റം ഏറ്റുപറയുക മാത്രമല്ല സുജിത് ദാസ് ചെയ്തത്. മേലുദ്യോഗസ്ഥനായ എ.ഡി.ജി.പി അജിത് കുമാറിനെ വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തു. ഇയാളുടെ കാലത്ത് പിടികൂടി കൈമാറിയ സ്വർണത്തിന്റെ ശുദ്ധത കുറവാണെന്ന് കസ്റ്റംസ് നൽകിയ പരാതിയും ഗൗരവകരമാണ്. സുജിത്ദാസ് മുമ്പ് കസ്റ്റംസിൽ ജോലിചെയ്ത പശ്ചാത്തലത്തിൽ വിശേഷിച്ചും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |