കണ്ണൂർ: സ്‌കൂട്ടറുമായി റോഡ് ക്രോസ് ചെയ്യുന്നതിനിടെ യാത്രക്കാരന് ദാരുണാന്ത്യം സംഭവിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ണൂർ കൂത്തുപറമ്പിൽ നിന്നായിരുന്നു നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അശ്രദ്ധമായി സ്‌കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ ഈ അപകടത്തിന് ഉത്തരവാദി ആരാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്.
പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാഹനം നിർത്തി, ഇരുവശത്തുനിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
ഇടറോഡിൽ നിന്ന് വാഹനങ്ങൾ പ്രധാന പാതയിലേക്ക് കടക്കാനായി നിൽക്കുന്നുവെങ്കിൽ പ്രധാന പാതയിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാർ അതീവ ശ്രദ്ധ പുലർത്തണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
മോട്ടോർ വാഹനവകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ്
പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാഹനം നിർത്തി, ഇരുവശത്തുനിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കുക. ഇടറോഡിൽ നിന്ന് വാഹനങ്ങൾ പ്രധാന പാതയിലേക്ക് കടക്കാനായി നിൽക്കുന്നുവെങ്കിൽ പ്രധാന പാതയിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാർ അതീവ ശ്രദ്ധ പുലർത്തുക.
പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്.
പ്രധാന പാതയിൽ ഏതു ദിശയിലേക്കാണ് പോകാൻ ഉദ്ദേശിക്കുന്നത് എന്നത് ഇൻഡിക്കേറ്റർ /ഹാൻഡ് സിഗ്നൽ വഴി മറ്റുള്ളവരെ മുൻകൂട്ടി അറിയിക്കുക. പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങളുടെ വേഗത കണക്കുകൂട്ടുന്നതിൽ ഉണ്ടാകുന്ന ചെറിയ പാകപ്പിഴ വലിയ അപകടത്തിലേക്കാകും നയിക്കുക. അതിനാൽ സുരക്ഷിത അകലത്തിലും വേഗതയിലുമാണ് വാഹനങ്ങളെന്ന് ഉറപ്പാക്കി മാത്രം മുന്നോട്ട് നീങ്ങുക. ശ്രദ്ധാപൂർവ്വവും ക്ഷമയോടെയുമുള്ള ഡ്രൈവിംഗിലൂടെ യാത്രകൾ സുരക്ഷിതമാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |