ന്യൂഡൽഹി: ഉടമസ്ഥാവകാശ തർക്കത്തിലുള്ള ആനയ്‌ക്ക് തങ്ങളുടെ നാട്ടിലെ പുനരധിവാസ കേന്ദ്രങ്ങളിൽ സംരക്ഷണമുറപ്പാക്കാമെന്ന് സുപ്രീംകോടതി ജഡ്‌ജിമാർ. രാമൻ (ഊട്ടോളി രാമൻ) എന്ന ആനയെച്ചൊല്ലി മാതാ അമൃതാനന്ദമയി മഠവും തൃശൂർ ഊട്ടോളി സ്വദേശി കൃഷ്ണൻകുട്ടിയും തമ്മിലുള്ള കേസിലാണ് ജസ്റ്റിസുമാരായ ബേല എം.ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും ഇക്കാര്യമറിയിച്ചത്.
കെ.വി.സദാനന്ദൻ എന്നയാൾ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ 2001ൽ നടയ്ക്കിരുത്തിയ ആനയ്‌ക്ക് സ്ഥിരമായി മദപ്പാടുണ്ടായതിനെ തുടർന്ന് പരിപാലിക്കാനും ശുശ്രൂഷിക്കാനുമായി കൃഷ്‌ണൻകുട്ടിക്ക് കൈമാറിയിരുന്നു. എന്നാൽ പാപ്പാൻമാർ ആനയെ
ഉപദ്രവിക്കുന്നതറിഞ്ഞ് മഠം തിരികെ ചോദിച്ചപ്പോൾ നൽകിയില്ല. തുടർന്നുള്ള നിയമപോരാട്ടത്തിൽ കരുനാഗപ്പള്ളി ഫസ്‌റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി കൃഷ്‌ണൻകുട്ടിക്ക് അനുകൂലമായി വിധിച്ചു. പിന്നീട് വിധി റദ്ദാക്കിയ ഹൈക്കോടതി മഠത്തിന് അനുകൂലമായ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്താണ് കൃഷ്‌ണൻകുട്ടി
സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഔദ്യോഗിക രേഖകളിൽ ആനയുടെ ഉടമസ്ഥർ അമൃതാനന്ദമയി മഠമാണ്. മാതാ അമൃതാനന്ദമയിയാണ് ആനയ്‌ക്ക് രാമൻ എന്ന പേരിട്ടത്. 2017 മുതൽ രാമനെ പരിപാലിച്ചതിന് 35 ലക്ഷംരൂപ നൽകാമെന്ന് മഠത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും അഭിഭാഷകൻ എ.കാർത്തിക്കും അറിയിച്ചു.
എന്നാൽ കെ.വി.സദാനന്ദൻ തനിക്ക് ഇഷ്ടദാനമായി നൽകിയതാണ് ആനയെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം. ആനയ്‌ക്ക് ഊട്ടോളി രാമൻ എന്ന പേരിട്ടതായും ശുശ്രൂഷയ്‌ക്കും ചികിത്സയ്ക്കും മറ്റുമായി മൂന്നു കോടി രൂപയിലേറെ ചെലവായെന്നും മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് മുഖേന കൃഷ്‌ണൻകുട്ടി കോടതിയെ അറിയിച്ചു.
ഇതിനിടെയാണ് തർക്കം തുടർന്നാൽ ആനയ്‌ക്ക് തങ്ങളുടെ നാട്ടിൽ പുനരധിവാസമുറപ്പാക്കാമെന്ന് ജഡ്‌ജിമാർ അഭിപ്രായപ്പെട്ടത്. ഗുജറാത്ത് സ്വദേശിയായ ജസ്റ്റിസ് ബേല എം.ത്രിവേദി തന്റെ നാട്ടിൽ മൃഗസംരക്ഷണ കേന്ദ്രമായ വൻതാരയുണ്ടെന്നും ജസ്റ്റിസ് ശർമ്മ തന്റെ സംസ്ഥാനമായ മദ്ധ്യപ്രദേശിൽ നിരവധി സംരക്ഷണ കേന്ദ്രങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. കേസിൽ നാളെയും വാദം തുടരും.
ദളിത് കോൺഗ്രസ് മാർച്ച്
തിരുവനന്തപുരം: ഇന്ത്യയിലെ പട്ടിക വിഭാഗ സംവരണ രീതിയിൽ തൽസ്ഥിതി തുടരാൻ കേന്ദ്രസർക്കാർ പാർലമെന്റിൽ നിയമനിർമ്മാണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദളിത് കോൺഗ്രസ് നാളെ രാജ്ഭവൻ മാർച്ച് നടത്തും. എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി മാർച്ച് ഉദ്ഘാടനം ചെയ്യും. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ എം.പി പ്രഭാഷണം നടത്തും. രാവിലെ 10ന് മ്യൂസിയം ജംഗ്ഷനിൽ നിന്നും മാർച്ചാരംഭിക്കുമെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി അറിയിച്ചു.
ലൈൻസ് പുതുക്കൽ കാലാവധി നീട്ടി
തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളുടെയും പാര മെഡിക്കൽ സ്ഥാപനങ്ങളുടെയും ലൈൻസ് പിഴകൂടാതെ പുതുക്കാൻ ഈമാസം 30വരെ കാലാവധി നീട്ടി സർക്കാർ ഉത്തരവായി. നേരത്തെ വ്യാപാര,വ്യവസായ,വാണിജ്യ സ്ഥാപനങ്ങൾക്കും ഈ ആനുകൂല്യം നൽകിയിരുന്നു.
ആശ്വാസകിരണം:
26,765 പേർക്ക് ധനസഹായം
തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതിയിൽ അർഹരായവർക്ക് അഞ്ചുമാസത്തെ ധനസഹായം അനുവദിച്ചതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ ലഭ്യമാക്കിയ 26,765 പേർക്കാണ് ധനസഹായം. ബാങ്ക് അക്കൗണ്ടിലൂടെ ധനസഹായ വിതരണം ആരംഭിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരായ 5293 പേർക്ക് അഞ്ചു കോടിയുടെ ധനസഹായം നൽകുന്നതിനും നടപടിയായെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |