റാന്നി: മുഖ്യമന്ത്രിയുടെ രാഷ്ട്രീയദൂതുമായാണ് ആർ.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദർശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ത് വ്യക്തിപരമായ കാര്യത്തിനാണ് ആർ.എസ്.എസ് നേതാവിനെ സന്ദർശിച്ചതെന്ന് വ്യക്തമാക്കാൻ ബാദ്ധ്യസ്ഥനാണ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യഥാർത്ഥ മുഖമാണ് അനാവൃതമായിരിക്കുന്നത്. പല ബി.ജെ.പി നേതാക്കളെയും എ.ഡി.ജി.പി കണ്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാമെന്ന് വ്യക്തമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി ദൂതൻമാരെ അയച്ച് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നത്. കൊടകര കുഴൽപ്പണ ഇടപാടിൽനിന്ന് കെ. സുരേന്ദ്രനെ രക്ഷപ്പെടുത്തിയതും ഇതേരീതിയിലാണ്. പരസ്പരം പുറം ചൊറിഞ്ഞുകൊടുക്കുന്ന സഹായസഹകരണസംഘമായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
സതീശൻ പിണറായിയുടെ
ഏജന്റ്: സുരേന്ദ്രൻ
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏജന്റാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. . മുഖ്യമന്ത്രിയുടെ ബി.ടീമായാണ് പ്രതീപക്ഷ നേതാവും സംഘവും പ്രവർത്തിക്കുന്നത്. രണ്ട് ശരീരവും ഒരു മനസുമാണ് പിണറായിയും സതീശനും. അതിനുള്ള തെളിവാണ് സതീശനെതിരേയുള്ള പുനർജനി തട്ടിപ്പടക്കമുള്ള കേസുകളിൽ ഒരനക്കവും ഇല്ലാത്തത്.
എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ മാത്രമല്ല സതീശനേയും കുഞ്ഞാലിക്കുട്ടിയേയും രാഹുൽഗാന്ധിയേയുമെല്ലാം കണ്ടിട്ടുണ്ട്. സതീശനെ കണ്ട ശേഷമാണ് തട്ടിപ്പ് കേസ് അന്വേഷിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ അജിത്ത് കുമാറെത്തിയത്. അന്തർധാര ബി.ജെ.പിയുമായിട്ടല്ല. സതീശനും പിണറായിയും തമ്മിലാണ്.
കെ.മുരളീധരനെ തൃശൂരിൽ തോൽപിച്ചതിന് പിന്നിൽ സതീശനാണ്. . കെ.മുരളീധരനെ വടകരയിലെ ഉറച്ച സീറ്റിൽ നിന്നും അടർത്തിയെടുത്ത് തൃശൂരിൽ മത്സരിപ്പിച്ച് തോൽപ്പിക്കുകയായിരുന്നു. കെ.കരുണാകരന്റെ മകനോട് സതീശൻ കാണിച്ചത് കൊടിയ ചതിയാണ്. എ.ഡി.ജി.പി ആർ.എസ്.എസ് മേധാവിയെ കണ്ടെന്ന് പറയുന്നത് പൂരത്തിന് മുമ്പല്ല. കണ്ട ഡേറ്റും പൂരവും തമ്മിൽ എത്ര മാസങ്ങളുടെ അന്തരമുണ്ടെന്ന് മാദ്ധ്യമങ്ങൾ പരിശോധിക്കണം. പൂരം കലക്കി നേടിയതല്ല സുരേഷ് ഗോപിയുടെ വിജയമെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി മൗനം
വെടിയണമെന്ന്
കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: എ.ഡി.ജി.പി എം.ആർ.അജിത്ത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച മതേതര കേരളത്തെ ഞെട്ടിച്ചെഞ്ഞെന്ന് ലീഗ് നേതാവ് പി..കെ.കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയും ന്യൂനപക്ഷങ്ങളേയും ഭൂരിപക്ഷത്തേയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണ്. വിശ്വാസികളെ അപമാനിച്ച് നേടിയ വിജയമാണ് തൃശൂരിലേത്. പൊതു സമൂഹത്തിന് അറിയണം നിജസ്ഥിതി. എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ പറ്റില്ല. ബി.ജെ.പിയും ഇടതുപക്ഷവും ഒരു പോലെ പോവുന്നു. തൃശൂരിലെ വിജയം പൂരം കലക്കി നേടിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തൃശൂർ പൂരം: ഗൂഢാലോചന
പുറത്ത് വരണമെന്ന് ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെങ്കിൽ പുറത്ത് വരണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കണമെന്നാണ് മുന്നണിയുടെ നിലപാട്. ആർ.എസ്.എസ് - എ.ഡി.ജി.പി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയല്ല. എ.ഡി.ജി.പി എന്തിന് ആർ.എസ്.എസ് നേതാവിനെ കണ്ടുവെന്ന് അറിയണം. ഇതിന്റെ പേരിൽ സർക്കാരിനെ ഉലയ്ക്കാമെന്നും മുഖ്യമന്ത്രിയെ കേന്ദ്രീകരിക്കാമെന്നും ആരും കരുതേണ്ട. വീഴ്ചവരുത്തിയവരോടുള്ള സർക്കാർ നിലപാട് വ്യക്തമാക്കുന്നതാണ് സുജിത്ത് ദാസിനെതിരായ നടപടി. സി.പി.ഐയും സി.പി.എമ്മും തമ്മിൽ അഭിപ്രായ വത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |