വാഷിംഗ്ടൺ: 'പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലിരുന്നതിനേക്കാൾ കൂടുതൽ സമയം ബീച്ചുകളിലാകും ചെലവഴിച്ചിരിക്കുക.! " പറയുന്നത് യു.എസിലെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ. അതിനൊരു കാരണമുണ്ട്. 81കാരനായ ബൈഡൻ നാല് വർഷത്തിനിടെ 532 അവധികളാണെടുത്തത്. ഓഫീസിൽ ചെലവഴിച്ച 1,326 ദിവസങ്ങളുടെ ഏകദേശം 40 ശതമാനം വരും ഇത്. ഒരു ശരാശരി അമേരിക്കക്കാരന് വർഷം 11 ദിവസമാണ് അവധി. അതായത്, ഏകദേശം 48 വർഷം ജോലി ചെയ്താലേ ഇവർക്ക് 532 അവധി ദിനങ്ങൾ ലഭിക്കൂ.! റിപ്പബ്ലിക്കൻ പാർട്ടിയുടെ നാഷണൽ കമ്മിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്.
അവധിദിനങ്ങളിൽ ബൈഡൻ ബീച്ചുകൾ സന്ദർശിക്കുന്നത് പതിവാണ്. ലോകം കത്തുമ്പോൾ ബൈഡൻ ബീച്ചിലെ കസേരയിലിരുന്ന് ഉറങ്ങുമെന്നാണ് വിമർശനം. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓഫീസ് കാലയളവിന്റെ 26 ശതമാനമാണ് അവധിക്കായി നീക്കിവച്ചത്. ട്രംപിന്റെ റെക്കാഡ് ബൈഡൻ ഭേദിച്ചു. റൊണാൾഡ് റീഗനും ബറാക്ക് ഒബാമയും രണ്ട് ടേമിലായി 11 ശതമാനവും, ജിമ്മി കാർട്ടർ ഒറ്റ ടേമിൽ വെറും 5 ശതമാനവും മാത്രമാണ് അവധിയെടുത്തതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ പറയുന്നു. അതേ സമയം, അവധിയിലാണെങ്കിലും ബൈഡൻ വിദൂരമായി ചുമതലകൾ നിർവഹിക്കുമെന്നാണ് പ്രസിഡന്റിന്റെ വൃത്തങ്ങൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |