തിരുവനന്തപുരം: ജില്ലയിൽ ജല വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ലഭ്യമാകുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കുടിവെള്ളം തിളപ്പിച്ചാറിയത് മാത്രം ഉപയോഗിക്കണം. ലഭ്യമാകുന്ന വെള്ളം ടാങ്കുകളിലോ വലിയ പാത്രങ്ങളിലോ ശേഖരിച്ച് ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കണം (1000 ലിറ്ററിന് 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ എന്ന തോതിൽ കലക്കി തെളിച്ച് ഒഴിക്കണം )
പാചകത്തിനും പാത്രങ്ങൾ വൃത്തിയാക്കുന്നതിനും കൈയും വായും വൃത്തിയാക്കുന്നതിനും ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം മാത്രം ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടികൾ, കിടപ്പു രോഗികൾ, വൃദ്ധ ജനങ്ങൾ എന്നിവർക്ക് വായ് കഴുകാനും കൈ കഴുകാനും തിളപ്പിച്ചാറിയ വെള്ളം നൽകുന്നതാണ് അഭികാമ്യം. ഹോട്ടൽ ഉടമകളുടേയും വഴിയോരക്കച്ചവടക്കാരും പാചകത്തിനും പാത്രങ്ങൾ വൃത്തിയാക്കാനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കണം. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകണം, തിളപ്പിച്ച കുടിവെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ചേർക്കരുത്.
ജ്യൂസുകൾ തയാറാക്കാൻ തിളപ്പിച്ചാറ്റിയ വെളളവും ശുദ്ധജലത്തിൽ തയാറാക്കിയ ഐസും മാത്രം ചേർക്കണം
മോരുകറി, ചമ്മന്തിക്കറി തുടങ്ങിയവ തയാറാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം
ആഹാരത്തിന് മുൻപും ശേഷവും കൈയും വായും വൃത്തിയാക്കാൻ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |