കൊച്ചി:വൻതോതിൽ എം.ഡി.എം.എ എത്തിച്ച് ഇടനിലക്കാർക്ക് മാത്രം വില്പന നടത്തുന്ന മൊത്തക്കച്ചവടക്കാരൻ പിടിയിൽ. എറണാകുളം പുതുക്കലവട്ടത്ത് വാടകയ്‌ക്ക് താമസിക്കുന്ന മലപ്പുറം പുറങ്കര മരമുട്ടം വലിയവളപ്പിൽ വീട്ടിൽ മുഹമ്മദ് നിഷാദാണ് (38)ഓപ്പറേഷൻ ഡി-ഹണ്ടിൽ കുടുങ്ങിയത്. ഇയാളുടെ വീട്ടിൽ നിന്ന് 70 ലക്ഷം രൂപ വിലവരുന്ന 508.4 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.ശനിയാഴ്ച രാത്രി 12ന് വീടുവളഞ്ഞു നടത്തിയ മിന്നൽ പരിശോധനയിലാണ് നൗഷാദ് പിടിയിലായത്.ശനിയാഴ്ച വൈകിട്ട് ആലുവ മുട്ടത്തുവച്ച് 47 ഗ്രാം എം.ഡി.എം.എയുമായി വൈപ്പിൻ ഓച്ചന്തുരുത്ത് പുളിക്കൽവീട്ടിൽ ഷാജിയെ (53) ആലുവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളിൽ നിന്ന് ലഭിച്ച വിവരമാണ് നിഷാദിലേക്ക് എത്തിച്ചത്.നിഷാദ് രണ്ട് മാസമായി ഡാൻസാഫ് നിരീക്ഷണത്തിലായിരുന്നു.12 വർഷം വിദേശത്തായിരുന്ന നിഷാദ് നാട്ടിലെത്തി ആലുവ കേന്ദ്രീകരിച്ച് കുപ്പിവെള്ള കമ്പനി തുടങ്ങി.രണ്ട് വർഷം മുമ്പാണ് പുതുക്കലവട്ടത്തേക്ക് കുടുംബസമേതം താമസം മാറിയത്.കമ്പനിയുടെ മറവിലായിരുന്നു മയക്കുമരുന്നു വില്പന.കേരളത്തിനുപ്പുറത്ത് നിന്ന് കിലോക്കണക്കിന് എം.ഡി.എം.എ എത്തിച്ച് 25,50 ഗ്രാം പായ്‌ക്കറ്റുകളാക്കി ഗ്രാമിന് 1000 രൂപ നിരക്കിലായിരുന്നു കച്ചവടം.നിഷാദ് ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് ഡാൻസാഫ് വൃത്തങ്ങൾ പറഞ്ഞു.ലഹരി ഇടപാടില്ലെന്നും കുടുക്കാൻ ആരോ ചെയ്തതാണെന്നുമാണ് നിഷാദിന്റെ മൊഴി.ഇയാളുടെ പണമിടപാടുകളെല്ലാം ദുരൂഹമാണ്.പ്രതിക്ക് എം.ഡി.എം.എ എവിടെ നിന്നു കിട്ടി,പിന്നിൽ ആരാണ് തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്.പ്രതിയുടെ അറസ്റ്റ് എളമക്കര പൊലീസ് രേഖപ്പെടുത്തി. റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |