തിരുവനന്തപുരം: പൃഥ്വിരാജ് മണലാരണ്യത്തിൽ ചെന്ന് പണം വാങ്ങി ദേശദ്രോഹം നടത്തുന്നു എന്നൊക്കെ പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ലെന്ന് നടി മല്ലികാ സുകുമാരൻ. കാരണം, പൃഥ്വിരാജ് അങ്ങനെയുള്ള ഒരു വ്യക്തിയല്ല. പൃഥ്വിരാജിന് അതിന്റെ ആവശ്യമില്ല. എന്റെ മകനായതുകൊണ്ട് പറയുന്നതല്ല, ഒരു ക്യാരക്ടറുള്ള വ്യക്തിയാണ് പൃഥിരാജെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടനം നടത്തിയ മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജ് പങ്കുവച്ചതിനെക്കുറിച്ച് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു മല്ലിക.
'മോഹൻലാൽ ഒരു പോസ്റ്റിട്ടു. ഈ പടത്തിലെ പ്രധാന നടനും പ്രൊഡക്ഷനിൽ കാര്യമായി സ്വാധീനം ചെലുത്താനും സാധിക്കുന്ന മോഹൻലാൽ ഒരു പോസ്റ്റിടുമ്പോൾ സംവിധായകൻ എന്ന നിലയിൽ അത് ഷെയർ ചെയ്യേണ്ടത് ഒരു മര്യാദയാണ്. പൃഥ്വിരാജ് അതിൽ മറ്റെന്തെങ്കിലും എഴുതിയിട്ടുണ്ടോ? ഇല്ല. ആ പോസ്റ്റ് വെറുതെ ഷെയർ ചെയ്തിട്ടിരിക്കുകയാണ്. പൃഥ്വിരാജ് തെറ്റ് ചെയ്തിട്ടില്ല എന്നത് നൂറ് ശതമാനം എല്ലാവർക്കും അറിയാം. ആ പടവുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാം.
ഈ മേജർ രവി പടം കണ്ട് കഴിഞ്ഞപ്പോൾ എന്താണ് കാണിച്ചത്. എന്നെ കേറി കെട്ടിപ്പിടിക്കുന്നു. പൃഥ്വിരാജിനോട് പറഞ്ഞത്, ചരിത്രമാകും മോനെ. എന്തൊക്കെ ബഹളമായിരുന്നു. രണ്ട് ദിവസം കഴിയുമ്പോഴേക്കും മാറിയോ? അപ്പോൾ, എവിടുന്നാണ് ഇതിന്റെയൊക്കെ ഉത്ഭവം എന്നറിയണം. ഇങ്ങനെയുള്ള കഥകളൊക്കെ പടച്ചുവിടുന്ന കമാൻഡോയ്ക്ക് ദേശത്തോടാണോ അതോ വ്യക്തിയോടാണോ സ്‌നേഹം എന്ന് നാം കണ്ടുപിടിക്കണം'- മല്ലിക പറഞ്ഞു. വിവാദത്തിന് ശേഷം മോഹൻലാലിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെന്നും എന്നാൽ ലഭിച്ചില്ലെന്നും മല്ലിക വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |