ഒറ്റപ്പാലം: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവൊന്നും കേരളത്തിൽ ആർക്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പി.വി.അൻവറിന് പിന്നിൽ അൻവർ മാത്രമാണെന്നും മറ്റാരുമില്ലെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം അട്ടിമറിക്കാനുള്ള ഒരു ശ്രമവും നടക്കില്ല. ഡി.ജി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എ.ഡി.ജി.പിക്കെതിരായ സർക്കാരിന്റെ അന്വേഷണം പൂർത്തിയായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.. തൃശൂരിലെ തോൽവിയിൽ കോൺഗ്രസിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഇക്കാലമത്രയും പുറത്ത് വിട്ടിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ വളരെ ഗൗരവമുള്ള റിപ്പോർട്ടാണത്. അപ്പോഴും കോൺഗ്രസിന്റെ നേതാക്കൻമാർ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നത് കണ്ടറിയണമെന്നും ഗോവിന്ദൻ പറഞ്ഞു.
എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച സർക്കാർ പരിശോധിക്കും: എ. വിജയരാഘവൻ
എ.ഡി.ജി.പി എം.ആർ. അജിത്കുമാറും ആർ.എസ്.എസുമായുള്ള കൂടിക്കാഴ്ച സർക്കാരിലെ പാർട്ടി സഖാക്കൾ പരിശോധിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. പി.വി. അൻവറിന്റേത് സ്വതന്ത്രാഭിപ്രായമായി കണ്ടാൽ മതി. മുഖ്യമന്ത്രി പിണറായി പൊളിറ്റ് ബ്യൂറോ അംഗമാണ്. ഇത്തരം വിഷയങ്ങളെ കൃത്യതയോടെ പരിശോധിച്ച് നപടിയെടുക്കാനുള്ള പ്രാപ്തി മുഖ്യമന്ത്രിക്കുണ്ട്.
എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ച ശരിയാണോ എന്ന ചോദ്യത്തിന്, അമ്മയെ തല്ലിയത് ശരിയാണോ എന്ന് ചോദിക്കുന്ന പോലുള്ള പരിപാടിക്ക് നിൽക്കരുതെന്നായിരുന്നു വിജയരാഘവന്റെ മറുപടി.
ആർ.എസ്.എസ് - എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയെ കുറിച്ചുള്ള സി.പി.ഐ വിമർശനം അവരുടെ അഭിപ്രായമാണ്. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് സുനിൽ കുമാർ ഉന്നയിച്ച സംശയവുമായുള്ള ചോദ്യത്തിന്, എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ച കഴിഞ്ഞ വർഷമല്ലേയെന്നായിരുന്നു വിജയരാഘവന്റെ മറുപടി.
എ.ഡി.ജി.പിയെ എന്തിന് കണ്ടെന്ന് ആർ.എസ്.എസ് പറയും: വി. മുരളീധരൻ
ദത്താത്രേയ ഹൊസബാളയെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ എന്തിന് കണ്ടുവെന്ന് ആർ.എസ്.എസ് നേതൃത്വം പറയുമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. തൃശൂർ പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് പറയുന്നത് അസംബന്ധമാണ്. തൃശൂരിലെ വോട്ടർമാരെ അവഹേളിക്കുന്ന ആരോപണമാണിത്. പി.വി. അൻവറിന്റെ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ച് പിണറായി വിജയനെയും എ.ഡി.ജി.പിയെയും രക്ഷിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അജൻഡയാണ് ആർ.എസ്.എസ് വിവാദം. പൂരത്തിൽ കുഴപ്പങ്ങളുണ്ടായത് എങ്ങനെയെന്ന് അന്വേഷിച്ച് റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. ശബരിമലയിൽ ഹിന്ദു വിശ്വാസികൾ കണ്ണീരണിഞ്ഞപ്പോൾ മിണ്ടാതിരുന്ന സതീശൻ ബി.ജെപി.യെ ഹൈന്ദവ സ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി.
കാവിയും കാക്കിയും ഒന്നായി: ഷിബു ബേബി ജോൺ
പിണറായി വിജയന്റെ ഭരണത്തിൽ കാവിയും കാക്കിയും ഒന്നായെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. ആർ.വൈ.എഫിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതൃത്വത്തിന്റെ വിലക്കിനെ തുടർന്നാണ് കെ.ടി. ജലീൽ എം.എൽ.എ പൊലീസിനെതിരായ പരാതി സ്വീകരിക്കാൻ പുറത്തുവിട്ട വാട്സ്ആപ്പ് നമ്പർ പിൻവലിച്ചത്. സമാനനീക്കം പി.വി. അൻവർ എം.എൽ.എ ചെയ്യുമ്പോൾ മിണ്ടുന്നില്ല. സി.പി.എം നേതൃത്വം അൻവറിനെയും പിന്നിലുള്ള ഉപജാപകസംഘത്തെയും ഭയന്നുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ തീരുമാനിക്കട്ടെ: ഡി.വൈ.എഫ്.ഐ
എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു.
ഡി.വൈ.എഫ്.ഐയുടെ വീ റിബിൾഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ഏറ്റുവാങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് നേരേ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. ആർ.എസ്.എസ് മേധാവിയെ കണ്ടതിലല്ല, ആർ.എസ്.എസിന് എന്തെങ്കിലും പ്രത്യേക സഹായം ചെയ്തിട്ടുണ്ടോ എന്നതാണ് പ്രസക്തം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണം നല്ല രീതിയിൽ നടക്കും. ആക്ഷേപങ്ങൾ ഉൾപ്പെടെ അന്വേഷിക്കും. ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തനം നടത്തുന്നത് കോൺഗ്രസാണ്. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ചയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കെ.പി.സി. സി പ്രസിഡന്റ് കെ. സുധാകരൻ. ആർ.എസ്.എസ്. നേതാവിനെ എ.ഡി.ജി.പി കണ്ടതിൽ അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന്, അത് പറയാനാകില്ലെന്നായിരുന്ന വസീഫിന്റെ മറുപടി.
എ.ഡി.ജി.പിയെ മാറ്റണമെന്ന് എ.ഐ.വൈ.എഫ്
ആഭ്യന്തര വകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ മാറ്റിനിറുത്തി ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വി.എസ്. സുനിൽകുമാറിന്റെ തോൽവിക്ക് കാരണമായ തൃശൂർ പൂരം കലക്കിയതിനെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. എ.ഡി.ജി.പി ഉൾപ്പെടെ പൊലീസ് തലപ്പത്തെ ഉന്നതരുടെ പ്രവൃത്തികൾ സംശയകരമാണ്. അവയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |