തിരുവനന്തപുരം: സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ, കൂട്ടബലാത്സംഗം അടക്കം ആരോപണങ്ങൾ നേരിടുന്ന മലപ്പുറം പൊലീസിൽ വൻ അഴിച്ചുപണി. ആരോപണ വിധേയരായ പൊലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്ന് പി.വി. അൻവർ എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്.ഇന്ന് എൽ.ഡി.എഫ് യോഗം ചേരാനിരിക്കെയാണ് നടപടി.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. ശശിധരനെ വിജിലൻസ് എറണാകുളം റേഞ്ചിലേക്ക് മാറ്റി. പകരം പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി-1 ആർ. വിശ്വനാഥിനെ ജില്ലാ പൊലീസ് മേധാവിയാക്കി. എസ്.പിയായിരുന്ന സുജിത്ത്ദാസിനെ ആരോപണങ്ങളെത്തുടർന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയിരുന്നു. മരംമുറി പരാതി പിൻവലിക്കാൻ പി.വി.അൻവറുമായുള്ള വിവാദ ഫോൺവിളിയെത്തുടർന്ന് സുജിത്ത് സസ്പെൻഷനിലാണ്.
മലപ്പുറത്തെ ക്രൈംബ്രാഞ്ച് എസ്.പി വിക്രമിനെ എക്സൈസിലേക്ക് മാറ്റി. എക്സൈസിലെ വിജിലൻസ് ഓഫീസർ കെ.വി.സന്തോഷിനെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയാക്കി. മലപ്പുറത്തെ 8 ഡെപ്യൂട്ടി സൂപ്രണ്ടുമാരെയും സ്ഥലംമാറ്റി. മുട്ടിൽ മരംമുറിക്കേസ് അന്വേഷിക്കുന്ന താനൂർ ഡിവൈ.എസ്.പി വി.വി ബെന്നിയെയും മാറ്റി. ബെന്നിക്കെതിരേ വീട്ടമ്മയുടെ ബലാത്സംഗ പരാതിയും ഉയർന്നിരുന്നു.
സി. ഐ, എസ്. ഐ തലത്തിലും വൈകാതെ അഴിച്ചു പണി ഉണ്ടാവും.
മലപ്പുറം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ പി.അബ്ദുൾ ബഷീറിനെ തൃശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റി. മലപ്പുറം ഡിവൈ.എസ്.പി എ.പ്രേംജിത്തിനെ തൃശൂർ എസ്.എസ്.ബിയിലേക്കും പെരിന്തൽമണ്ണ ഡിവൈ.എസ്.പി സജു കെ എബ്രഹാമിനെ കൊച്ചി സിറ്റി ട്രാഫിക്കിലേക്കും തിരൂർ ഡിവൈ.എസ്.പി കെ.എം.ബിജുവിനെ ഗുരുവായൂരിലേക്കും കൊണ്ടോട്ടി ഡിവൈ.എസ്.പി പി.ഷിബുവിനെ തൃശൂർ വിജിലൻസിലേക്കും മാറ്റി. നിലമ്പൂർ ഡിവൈ.എസ്.പി പി.കെ. സന്തോഷിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കും താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ സി-ബ്രാഞ്ചിലേക്കും മലപ്പുറം എസ്.എസ്.ബി ഡിവൈ.എസ്.പി മൂസ വള്ളക്കാടനെ പാലക്കാട് എസ്.എസ്.ബിയിലേക്കും മാറ്റി.
പാലക്കാട് എസ്.എസ്.ബിയിലെ കെ.എം. പ്രവീൺകുമാറിനെ മലപ്പുറം ജില്ലാ എസ്.ബിയിലും ഗുരുവായൂർ ഡിവൈ.എസ്.പി ടി.എസ് സിനോജിനെ മലപ്പുറത്തും തൃശൂർ റൂറൽ എസ്.ബിയിൽ നിന്ന് ടി.കെ.ഷൈജുവിനെ പെരിന്തൽമണ്ണയിലും നിയമിച്ചു. തൃശൂർ എസ്.എസ്.ബി ഡിവൈ.എസ്.പി ഇ.ബാലകൃഷ്ണനെ തിരൂരിലും തൃശൂർ വിജിലൻസിലെ കെ.സി സേതുവിനെ കൊണ്ടോട്ടിയിലും കോഴിക്കോട് റൂറൽ സി-ബ്രാഞ്ചിലെ ജി.ബാലചന്ദ്രനെ നിലമ്പൂരിലും കൊച്ചി ട്രാഫിക്കിലെ പയസ് ജോർജ്ജിനെ താനൂരിലും പാലക്കാട് ക്രൈംബ്രാഞ്ചിലെ എം.യു ബാലകൃഷ്ണനെ മലപ്പുറം എസ്.എസ്.ബിയിലും നിയമിച്ചു.
അൻവറിന്റെ ആരോപണങ്ങൾ
മലപ്പുറം എസ്.പി. ഹൗസിലെ തേക്കും മഹാഗണിയും മുറിച്ചുകടത്തി
മരക്കുറ്റികൾ കാണാനെത്തിയ തന്നെ എസ്.പി ശശിധരൻ അപമാനിച്ചു
ഏറനാട്ടെ നവകേരളസദസ് അലങ്കോലമാക്കാനുള്ള ശ്രമം പൊലീസ് കണ്ടുനിന്നു
ഇടതുപ്രവർത്തകരെ കള്ളക്കേസുകളിൽ എസ്.പി ശശിധരൻ ജയിലിലടച്ചു
റിദാൻ വധക്കേസിൽ വ്യാജപ്രതികളെയുണ്ടാക്കി. കള്ളമൊഴിക്കായി ഭാര്യയെ മർദ്ദിച്ചു.
സ്വർണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധം,
എസ്.പിയുടെ ഡാൻസാഫ് ടീമിന് മയക്കുമരുന്നിടപാടുകൾ
ലൈഫ് വീട് നിർമ്മാണ സാമഗ്രികൾക്ക് അനാവശ്യ നിയന്ത്രണം
എടക്കര സ്റ്റേഷന് സൗന്യമായി കിട്ടിയ 50സെന്റ് ഏറ്റെടുക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |