തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ ചിറകരിയാനുള്ള കൂടുതൽ നടപടികളുമായി പൊലീസ് ഉന്നതർ. ക്രമസമാധാന ചുമതലയുണ്ടായിരുന്ന കാലത്ത് അജിത് കുമാർ തുടങ്ങിവച്ച സമാന്തര ഇന്റലിജൻസ് സംവിധാനം പുതിയ മേധാവി മനോജ് എബ്രഹാം പിരിച്ചുവിട്ടു. ഇതിലുണ്ടായിരുന്ന 40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാനും നിർദേശം നൽകി.
ഡിജിപി അറിയാതെയായിരുന്നു അജിത് കുമാർ പ്രത്യേക സംവിധാനം ഉണ്ടാക്കിയത് .സംസ്ഥാന, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ നിലവിലുള്ളപ്പോഴായിരുന്നു ഇത്. അജിത് കുമാറിനെതിരെയുള്ള ഏറ്റവും വലിയ ആരോപണങ്ങളിൽ ഒന്നായിരുന്നു ഇത്.
എസ് പി മാരുടെയും കമ്മിഷണർമാരുടെയും ഓഫീസുകളിലാണ് സമാന്തര ഇന്റലിജൻസിൽ പെട്ട ഉദ്യോഗസ്ഥരെ നിയമിച്ചതെങ്കിലും ഇവരുടെമേൽ അവർക്ക് അധികാരമുണ്ടായിരുന്നില്ല. എല്ലാം അജിത് കുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. സർക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും നോട്ടപ്പുള്ളികളായ ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനമെന്ന് ആക്ഷേപം ഉയർന്നിരുന്നു. സമാന്തര ഇന്റലിജൻസിനെതിരെ പൊലീസ് മേധാവി കടുത്ത പ്രതിഷേധം സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം ആദ്യമാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അജിത് കുമാറിന് പകരം മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല നല്‍കിയിരിക്കുന്നത്. എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. പൂരം കലക്കല്‍ , ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിവാദ വിഷയങ്ങളെ തുടര്‍ന്ന് എഡിജിപിയെ മാറ്റി നിര്‍ത്തണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം രൂക്ഷമായിരുന്നു. തുടർന്നായിരുന്നു നടപടി എടുത്തത്.
ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയാണ് എഡിജിപിക്ക് വിനയായി മാറിയത്. പൂരം കലക്കല്‍ വിഷയത്തില്‍ നടത്തിയ ഇടപെടലും തുടര്‍ന്ന് തൃശൂരിലെ വിഎസ് സുനില്‍കുമാറിന്റെ തോല്‍വിയും സിപിഐയെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന നിലപാടിലേക്ക് സിപിഐ എത്തിയത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം ആവര്‍ത്തിച്ച് ധരിപ്പിക്കുകയും ചെയ്തിരുന്നു.ഇതിനിടെയാണ് അജിത് കുമാറിനെതിരെയുളള ആരോപണങ്ങൾ കടുപ്പിച്ച് പി വി അൻവറും രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |