ചെസ് ഒളിമ്പ്യാഡിലെ മത്സരങ്ങൾക്ക് ഇന്ന് ബുഡാപെസ്റ്റിൽ തുടക്കമാകും
ബുഡാപെസ്റ്റ് : പാരീസിൽ ഒളിമ്പിക്സും പാരാലിമ്പിക്സും കൊടിയിറങ്ങിയപ്പോൾ ചതുരംഗക്കളിയുടെ ഒളിമ്പിക്സായ ചെസ് ഒളിമ്പ്യാഡിനൊരുങ്ങി ലോകം. ഹംഗറിയിലെ ബുഡാപെസ്റ്റിൽ 45-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഔദ്യോഗിക ഉദ്‌ഘാടനച്ചടങ്ങുകൾ ഇന്നലെ നടന്നു. ഇന്ന് മുതലാണ് മത്സരങ്ങൾ. 23നാണ് സമാപനം.
ഓപ്പൺ, വനിതാ വിഭാഗങ്ങളിലായി സ്വിസ് ഫോർമാറ്റിൽ 11 റൗണ്ട് നീളുന്ന മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിനുള്ളത്. 193 ടീമുകളാണ് ഓപ്പൺ വിഭാഗത്തുലുള്ളത്. 181 ടീമുകൾ വനിതാ വിഭാഗത്തിൽ മത്സരിക്കും. ഓരോ ടീമിലും അഞ്ച് താരങ്ങളാണുള്ളത്.ഫിഡേ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന അഞ്ച് താരങ്ങളടങ്ങുന്ന ടീമിനെയാണ് ഓരോ രാജ്യവും ഒളിമ്പ്യാഡിന് അയയ്ക്കുന്നത്. ഓരോ റൗണ്ടിലും ഇതിൽ നാലുപേർ മത്സരിക്കണം. കഴിഞ്ഞ ഒളിമ്പ്യാഡിൽ ആതിഥേയരെന്ന നിലയിൽ ഇന്ത്യയ്ക്ക് രണ്ട് വിഭാഗങ്ങളിലും രണ്ട് ടീമുകളെ വിന്യസിക്കാൻ കഴിഞ്ഞിരുന്നു. ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും വെങ്കലം നേടാൻ ഇന്ത്യൻ ടീമുകൾക്ക് കഴിഞ്ഞിരുന്നു.
ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ചലഞ്ചർ പോരാട്ടത്തിൽ മാറ്റുരച്ച ഡി.ഗുകേഷ്, ലോക നാലാം നമ്പർ താരം അർജുൻ എരിഗേസി,12-ാം റാങ്കുകാരൻ പ്രഗ്നാനന്ദ,വിദിത്ത് ഗുജറാത്തി.പെന്റാല ഹരികൃഷ്ണ എന്നിവരാണ് ഓപ്പൺ വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ടീമിലുള്ളത്. കഴിഞ്ഞ ചെസ് ഒളിമ്പ്യാഡിലും ഏഷ്യൻ ഗെയിംസിലും നോൺ പ്ളേയിംഗ് ക്യാപ്ടനായിരുന്ന ശ്രീനാഥ് നാരായണൻ അതേ റോളിൽ ഇപ്പോഴും ടീമിനൊപ്പമുണ്ട്. വനിതാ വിഭാഗത്തിൽ മുൻനിര താരം കൊനേരു ഹംപി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ ഒളിമ്പ്യാഡിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്ന ഹംപി ഇക്കുറി മത്സരങ്ങളുടെ എണ്ണക്കൂടുതൽ കാരണമാണ് വിട്ടുനിൽക്കുന്നത്. ഗ്രാൻഡ്മാസ്റ്റർമാരായ ഡി.ഹരിക, ആർ.വൈശാലി, ഇന്റർനാഷണൽ മാസ്റ്റേഴ്സായ ടാനിയ സച്ദേവ്,വന്ദിക അഗർവാൾ,ദിവ്യ ദേശ്‌മുഖ് എന്നിവരാണ് ഇന്ത്യൻ വനിതാ ടീമംഗങ്ങൾ. അഭിജിത് കുണ്ടേയാണ് നോൺ പ്ളേയിംഗ് ക്യാപ്ടൻ.
2
ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ രണ്ടാം സീഡാണ് ഇന്ത്യൻ ടീമുകൾ. 2755 ആണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളുടെ ശരാശരി റേറ്റിംഗ് പോയിന്റ് . 2796 ശരാശരി റേറ്റിംഗ് പോയിന്റുള്ള അമേരിക്കയാണ് ഒന്നാം സീഡ്. വനിതകളിൽ ജോർജിയയാണ് ടോപ് സീഡ്. 2505 റേറ്റിംഗ് പോയിന്റാണ് ജോർജിയൻ ടീം ശരാശരി. 2458 ഇന്ത്യൻ ടീം ശരാശരി
കരുത്തരായി
ഉസ്ബക്കിസ്ഥാൻ
ടോപ് സീഡ് അമേരിക്കയാണെങ്കിലും ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ ഭയക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ ഉസ്ബക്കിസ്ഥാനെയാണ്. റഷ്യൻ ഇതിഹാസം വ്ളാഡിമിർ ക്രാംനിക്കാണ് നോൺ പ്ളേയിംഗ് ക്യാപ്ടനായി ഉസ്ബക്കിസ്ഥാനൊപ്പമുള്ളത്.
ടീം സീഡിംഗിൽ നാലാം സ്ഥാനത്തുള്ള ഉസ്ബക്കിസ്ഥാനായി അണിനിരക്കുന്നത് യുവതാരങ്ങളാണ്. അമേരിക്കയെ അട്ടിമറിച്ചവരാണ് ഉസ്ബക്കിസ്ഥാൻകാർ.
ടോപ് സീഡായ അമേരിക്കൻ ടീമിൽ ലോകോത്തര താരങ്ങളായ ഫാബിയാനോ കരുവാന, ലെവോൺ ആരോണിയൻ എന്നിവർ അണിനിരക്കും.
ലോക ചാമ്പ്യൻ ഡിംഗ് ലിറെൻ അടങ്ങുന്ന ചൈനീസ് ടീം മൂന്നാം സീഡാണ്. അനീഷ് ഗിരി അടങ്ങുന്ന നെതർലാൻഡ്സ് ആണ് അഞ്ചാം സീഡ്.
ആദ്യമായി ഒളിമ്പ്യാഡിൽ സ്വർണം നേടുക എന്ന ലക്ഷ്യവുമായി മുൻ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെക്കൂട്ടി നോർവ്വേയും അണിനിരക്കും.
1926ന് ശേഷം ആദ്യമായാണ് ഹംഗറി ചെസ് ഒളിമ്പ്യാഡിന് വേദിയാകുന്നത്.
2022ൽ നടന്ന ചെസ് ഒളിമ്പ്യാഡിന് വേദിയായത് ഇന്ത്യയായിരുന്നു. ചെന്നൈ മഹാബലിപുരത്തായിരുന്നു മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |