ചെന്നൈ: പ്രണയിക്കുന്നവർ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ലൈംഗികാതിക്രമമായി കാണാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ ലൈംഗിക താത്പര്യം കാണിക്കുന്നത് മാത്രമേ ലൈംഗികാതിക്രമമായി കാണാനാകു. പ്രണയത്തിലായവർ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമാണെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് വിധിച്ചു. 19 കാരി നൽകിയ പരാതിയിൽ യുവാവിനെതിരെയെടുത്ത കേസ് റദ്ദാക്കിയായിരുന്നു നിരീക്ഷണം. എ.ഫ്‌ഐ.ആറിലെ ആരോപണങ്ങൾ ശരിയാണെങ്കിലും ഹർജിക്കാരൻ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ല. ക്രിമിനൽ കുറ്റം ചുമത്തിയാൽ ദുരുപയോഗത്തിന് തുല്യമാകും. ഉഭയസമ്മതത്തോടെയാണെങ്കിൽ, ലൈംഗികാതിക്രമത്തിന്റെ നിർവചനത്തിന് കീഴിൽ വരില്ലെന്നും കോടതി നിരീക്ഷിച്ചു. 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും ആളൊഴിഞ്ഞ സ്ഥലത്ത് പോയി മണിക്കൂറുകളോളം സംസാരിച്ചു. ഇതിനിടെ യുവാവ് തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചതായി യുവതി പറയുന്നു. വീട്ടിലെത്തിയ യുവതി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞു. പിന്നീട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് നിരസിച്ചതോടെ പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |