നാഗ്പൂർ: ആഡംബര കാർ ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷന്റെ മകൻ ഒളിവിൽ. ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ഭാവൻകുലേയുടെ മകന്റെ പേരിലുള്ള ഓഡി കാറാണ് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ ഒന്നോടെ നടന്ന സംഭവത്തിൽ രണ്ട് പേർക്ക് പരിക്കുണ്ട്. ചന്ദ്രശേഖറിന്റെ മകൻ സാൻകേത് ഭാവൻകുലേ അടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.
അർജുൻ ഹവാരേ, രോണിത് ചിന്തൻവാർ എന്നിവരെ അറസ്റ്റ് ചെയ്‌തു. സാൻകേത് ഉൾപ്പെടെ മൂന്ന് പേരാണ് ഒളിവിൽ. അപകട സമയം ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സി.സിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചുവരികയാണ്.
നാഗ്പൂർ ധരംപേത്തിലുള്ള ബാറിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. ജിതേന്ദ്ര സോൻകാബ്ലി എന്നയാളുടെ കാറാണ് ആദ്യം ഓഡി കാർ ഇടിച്ചുതെറിപ്പിച്ചത്. പിന്നാലെ നിരവധി വാഹനങ്ങളിൽ ഇടിച്ചു. രണ്ട് ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. മാൻകപുര മേഖലയിലും ഈ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടുണ്ട്. ഇവിടെവച്ച് ഇവർ ഇടിച്ച കാറിലുള്ളവർ പിന്തുടർന്ന് തടഞ്ഞതോടെ സാൻകേതും മറ്റ് രണ്ട് പേരും ഓടിരക്ഷപ്പെട്ടു. കാർ ഓടിച്ച അർജുൻ ഹവാരേയും രോണിതിനെയും പൊലീസിന് കൈമാറി. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു. മകന്റെ പേരിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് ചന്ദ്രശേഖർ ഭാവൻകുലേ സ്ഥിരീകരിച്ചിട്ടുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും പ്രതികരിച്ചു.
രാഷ്ട്രീയക്കാരുടെ മക്കളുൾപ്പെട്ട ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. ജൂലായിൽ ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്റെ ആഡംബര കാർ സ്കൂട്ടറിൽ ഇടിച്ച് സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |