ഗാസ: പാലസ്തീന്റെ ജനവാസ മേഖലയായ ഖാൻ യൂനിസിലെ അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെടു. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ അൽ-മവാസി മേഖലയിലെ 20 ടെന്റുകൾ തകർന്നിട്ടുണ്ട്. ക്യാമ്പിൽ ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. അപകടത്തിൽപ്പെട്ടവരുടെ അടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നില്ലെന്നും അധികൃതർ പറയുന്നു.
കൂടാതെ ക്യാമ്പിനുള്ളിൽ 30 അടി താഴ്ചയുള്ള വൻഗർത്തം രൂപപ്പെടുകയും ചെയ്തു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ സൈന്യം സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച ഖാൻ യൂനിസിലെ അൽ-മവാസി പ്രദേശത്താണ് കനത്ത ആക്രമണം നടന്നത്. പതിനായിരക്കണക്കിന് ഫലസ്തീനികൾ അവിടെ അഭയം തേടിയിരുന്നത്. ഖാൻ യൂനിസിലെ ക്യാമ്പിനുള്ളിൽ പ്രധാനപ്പെട്ട ഹമാസ് ഭീകരരെ തങ്ങളുടെ വിമാനം ആക്രമിച്ചതായി ചൊവ്വാഴ്ച പുലർച്ചെ ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഹമാസ് സാന്നിധ്യം പാലസ്തീൻ അധികൃതർ നിഷേധിച്ചു. ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ 41,020 പേർ കൊല്ലപ്പെടുകയും 94,925 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിൽ, ഒക്ടോബർ 7 ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞത് 1,139 ആണ്, അതേസമയം 200 ലധികം ആളുകൾ ബന്ദികളാക്കപ്പെട്ടു.
ആക്രമണത്തെ അപലപിച്ച് തുർക്കി
അങ്കാറ: തെക്കൻ ഗാസയിലെ നിയുക്ത അൽ-മവാസി മാനുഷികരക്ഷാ അഭയാർഥി മേഖലയിൽ ഒറ്റരാത്രികൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ തുർക്കി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അഭയാർഥികൾക്കുള്ള കൂടാര ക്യാമ്പിന് നേരെയുള്ള ആക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അൽ-മവാസിയിൽ സിവിലിയന്മാരുടെ കൂടാരങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഡസൻ കണക്കിന് പാലസ്തീനികളെ ഇസ്രയേൽ കൂട്ടക്കൊല ചെയ്തതിനെ തങ്ങൾ അപലപിക്കുന്നതായി തുർക്കി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ തീർച്ചയായും അന്താരാഷ്ട്ര നിയമത്തിന് മുന്നിൽ ഉത്തരവാദികളാകുമെന്നും പ്രസ്താവനയിൽ പറയുന്നു. പാലസ്തീൻ ജനതക്കൊപ്പം അവരുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നീക്കം തുടരുമെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നേരത്തെ ശക്തമായി എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |