ഒരു ഇടവേളയ്‌ക്ക് ശേഷം മണിപ്പൂർ വീണ്ടും അശാന്തമായത് രാജ്യത്തിന്റെയാകെ സമാധാനം കെടുത്തുന്നു. രാഷ്ട്രീയ നിറം വന്നിട്ടുണ്ടെങ്കിലും മണിപ്പൂരിലെ പ്രശ്നങ്ങൾ വംശീയമാണ്. അതിനാൽ ഏതാണ്ട് 200 വർഷങ്ങൾക്കപ്പുറം വേട്ടയാടിയും മറ്റും അപരിഷ്‌കൃത ജീവിതം നയിച്ച ഗോത്രവർഗ പാരമ്പര്യത്തെ മനസിലാക്കി വേണം വംശീയ കലാപത്തിന് പരിഹാരം തേടാൻ.
കലാപത്തിൽ രണ്ടുവിഭാഗമായി തിരിഞ്ഞപ്പോൾ രക്തചൊരിച്ചിൽ രൂക്ഷമായത് പാരമ്പര്യത്തിന്റെ അവശേഷിപ്പുകൾ അവരിലുള്ളതുകൊണ്ടാണ്. അവിടുത്തെ പ്രശ്നങ്ങൾക്ക് ഒരു ഗോത്രവർഗ സംഘർഷത്തിന്റെ പശ്ചാത്തലമുണ്ട്. സംസ്ഥാനത്തെ കൂടുതൽ ഭൂമി കൈവശമുള്ളത് കുക്കി വിഭാഗത്തിനാണെങ്കിലും ഇംഫാൽ അടക്കം പത്ത് ശതമാനം മാത്രമുള്ള താഴ്‌വരയിൽ ഭൂരിപക്ഷമായ മെയ്തി വിഭാഗത്തിനാണ് അധികാര സ്ഥാനങ്ങളിൽ ആധിപത്യം. ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൂടുതൽ ജീവിത നിലവാരം എന്നിവ ലഭിച്ചത് രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ചു.
അതിനാൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാണ് കലാപത്തിന് കാരണമായത്. ഭരിക്കുന്നവർ മെയ്തി വിഭാഗത്തിന് ആനുകൂലമാണെന്ന ചിന്ത കുക്കി വിഭാഗത്തിനുണ്ട്. രാഷ്ട്രീയമായ ആനുകൂല്യങ്ങൾ മെയ്തി വിഭാഗത്തിന് ലഭിച്ചത് കുക്കി വിഭാഗത്തെ അതൃപ്തരാക്കി. തങ്ങൾ കൂടുതൽ പാർശ്വവത്ക്കരിക്കപ്പെടുമോ എന്ന് അവർ ആശങ്കപ്പെടുന്നു.
ഹിന്ദു-ക്രിസ്ത്യൻ പ്രശ്നമായി വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മണിപ്പൂർ ജനതയുടെ ഗോത്രപശ്ചാത്തലമാണ് ഇപ്പോഴുള്ള പ്രശ്നങ്ങളുടെ കാരണം. 200 വർഷം മുൻപ് സമാന പശ്ചാത്തലത്തിൽ ജീവിച്ചവർ. ആധുനിക സംസ്കാരത്തിലേക്കും മുഖ്യധാരയിലേക്കും വന്നത് അടുത്ത കാലത്താണ്. ശത്രുതയുള്ളവരെ കൊല്ലാൻ മടിക്കില്ല. വിശ്വാസമുള്ളവരെ സ്നേഹിച്ച് കൊല്ലും. ഒന്നര കൊല്ലമായി മണിപ്പൂരിൽ കലാപം രൂക്ഷമായപ്പോളാണ് പണ്ട് ഒന്നിച്ചു ജോലി ചെയ്‌തിരുന്നവർ മെയ്‌തി, കുക്കി വിഭാഗമാണോ എന്ന് ചോദിച്ചു പോകുന്നത്.
വംശീയ പ്രശ്നങ്ങൾ കാരണം ഏറെ പിന്നാക്കമായ തലമുറ വികസനം ആഗ്രഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി അവർ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണ്. മണിപ്പൂർ ജനതയുടെ പിന്നാക്കാവസ്ഥ മനസിലാക്കി, ദേശീയ താത്പര്യത്തോടെ, രാഷ്ട്രീയ നേതൃത്വം മുൻകൈയെടുത്ത് ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ, മിലിട്ടറി സഹായത്തോടെ മണിപ്പൂർ ജനതയുടെ വിശ്വാസമുറപ്പിക്കണം.എന്നിട്ടുള്ള ചർച്ചകളിലൂടെ മാത്രമെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനാകൂ.
കുക്കി മേഖലകളിൽ സുരക്ഷ നൽകുന്ന അസാം റൈഫിൾസിനെ പിൻവലിച്ച് കേന്ദ്രസേനകളെ കൊണ്ടുവരാനുള്ള തീരുമാനം പ്രായോഗികമായേക്കില്ല. അസം റൈഫിൾസും ഒരു തരത്തിൽ കേന്ദ്ര സേന തന്നെയാണ്. എന്നാൽ പ്രാദേശികമായ റിക്രൂട്ടിംഗ് രീതിയായതിനാൽ അസം റൈഫിൾസിലെ നാട്ടുകാരായ ഭാഷയറിയുന്ന സൈനികർക്ക് മണിപ്പൂർ ജനതയ്ക്കിടയിൽ കൂടുതൽ സ്വാധീനമുണ്ടാകും. സി.ആർ.പി.എഫ് പോലെ മറ്റ് സംസ്ഥാനക്കാർ കൂടുതലുള്ള സേനകൾക്ക് അതിനാവണമെന്നില്ല.
ഇരുപക്ഷത്തെയും സന്നദ്ധ സേനകളും ഗ്രാമ പ്രതിരോധ സംവിധാനങ്ങളും ഇല്ലാതാക്കണം. പൊലീസിൽ നിന്നും മറ്റും പിടിച്ചെടുത്ത ആയുധങ്ങളും തിരിച്ചെടുക്കണം. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുവരാനും, നശിപ്പിക്കപ്പെട്ട റോഡുകൾ, പാലങ്ങൾ, വീടുകൾ, ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെ പുനർനിർമ്മാണത്തിനും സായുധസേനയെ വിന്യസിക്കണം. അതിനുള്ള ഫണ്ട് നൽകുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |