വാഷിംഗ്ടൺ :അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപുള്ള ടി.വി സംവാദത്തിൽ ആദ്യത്തേത് ഇന്ത്യൻ സമയം ഇന്ന് രാവിലെ 6:30ന് തുടങ്ങും. ഡൊണാൾഡ് ട്രംപും കമലാ ഹാരിസും നേർക്കുനേരെത്തുമ്പോൾ ആര് മിന്നുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. 90 മിനിട്ടുള്ള സംവാദത്തിന്റെ സംഘാടകർ എ.ബി.സി ന്യൂസാണ്. പെൻസിൽവേനിയയിലെ ഫിലാഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററാണ് സംവാദത്തിന് വേദിയാകുന്നത്. എ.ബി.സി ന്യൂസ് ലൈവ്, ഡിസ്നി പ്ലസ്, ഹുലു പ്ലാറ്റ്ഫോമുകളിലും സംവാദം സ്ട്രീം ചെയ്യും. റിപ്പബ്ലിക്കൻമാരോട് ശത്രുത കാട്ടുന്ന എ.ബി.സിയുടെ സംവാദത്തിൽ താൻ പങ്കെടുക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, സംവാദ വ്യവസ്ഥകളിൽ ഉറപ്പ് ലഭിച്ചതോടെ നിലപാട് മാറ്റുകയായിരുന്നു.
എ.ബി.സി അവതാരകരായ ഡേവിഡ് മുയറും ലിൻസി ഡേവിസും സംവാദം മോഡറേറ്റ് ചെയ്യുക. സംവാദത്തിൽ പ്രേക്ഷകർ ഉണ്ടാകില്ല.
സ്ഥാനാർത്ഥി സംസാരിക്കാത്തപ്പോൾ മൈക്ക് ഓഫ് ചെയ്തിരിക്കും, സ്ഥാനാർത്ഥി കുറിപ്പുകൾ കൈവശം വയ്ക്കരുത്, മുൻകൂട്ടി ചോദ്യങ്ങൾ നൽകില്ല തുടങ്ങി പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർത്ഥിയായിരിക്കെ നിശ്ചയിച്ച നിബന്ധനകൾ പാലിക്കും. കൂടാതെ ഇടവേളകളിൽ ഉദ്യോഗാർത്ഥികളുമായി സംസാരിക്കാനോ സംവദിക്കാനോ കാമ്പയിൻ സ്റ്റാഫിനെ അനുവദിക്കുകയും ഇല്ല. സംവാദത്തിലുടനീളം മൈക്ക് ഓൺ ആക്കി വയ്ക്കണമെന്ന കമലയുടെ ആവശ്യം ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ജൂണിൽ നടന്ന സംവാദത്തിൽ ട്രംപിന് മുന്നിൽ അടിപതറിയതോടെയാണ് ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. പിന്നാലെ വൈസ് പ്രസിഡന്റ് കമല സ്ഥാനാർത്ഥിയായി. വിവിധ സർവേകളിൽ ഒരാഴ്ച മുൻപു വരെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലയ്ക്ക് നേരിയ മുൻതൂക്കം കിട്ടിയിരുന്നു. എന്നാൽ രണ്ടു ദിവസം മുൻപത്തെ സർവേയിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. നവംബർ 5നാണ് തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |