ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള സിപിഎം ജനറൽ സെകട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന് ശ്വാസ തടസമുണ്ടെന്നും ആരോഗ്യനില ഡോക്ടർമാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സിപിഎം പ്രസ്താവനയിൽ അറിയിച്ചു.
കടുത്ത പനിയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി രണ്ടുദിവസം മുൻപ് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. പിന്നീടാണ് നില വീണ്ടും ഗുരുതരമായത്.
യെച്ചൂരിയെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് പോകും. ഡൽഹിയിലുള്ള പാർട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുവരിയാണെന്നും യെച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പ്രകാശ് കാരാട്ടിന് ശേഷം 2015 ലാണ് യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിതനായത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെയും ഇന്ത്യാമുന്നണിയുടെയും താരപ്രചാരകനായി അദ്ദേഹം രംഗത്തുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മൂത്തമകൻ ആശിഷ് നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മുപ്പത്തഞ്ചുവയസുകാരനായ ആശിഷ് ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകനായി ജോലിനോക്കുകയായിരുന്നു. കൊവിഡ് ബാധിച്ച ആശിഷിനെ ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രമുഖ മാദ്ധ്യമങ്ങളിൽ ആശിഷ് ജോലിനോക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |