കൊച്ചി: അയൽവാസിയുടെ ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി രാജീവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മുളന്തുരുത്തി പൊലീസ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാവിലെ 8. 30നായിരുന്നു സംഭവം. പിറവം എടക്കാട്ടുവയൽ സ്വദേശിയായ മനോജിന്റെ നാല് മാസം ഗർഭിണിയായ പശുവിനെയാണ് രാജീവ് കോടാലികൊണ്ട് വെട്ടിക്കൊന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം തടയാനെത്തിയ മനോജിന്റെ ഭാര്യ സുനിതയ്‌ക്കും കാലിന് ശസ്‌ത്രക്രിയ കഴിഞ്ഞ മകനും പരിക്കേറ്റിരുന്നു. ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതേയുള്ളു.
മൂന്ന് പശുക്കളും മൂന്ന് കിടാങ്ങളുമാണ് തൊഴുത്തിലുണ്ടായിരുന്നത്. കഴുത്തിന് പരിക്കേറ്റ പത്ത് ലിറ്റർ കറവയുള്ള ഒരു പശുവിനും കിടാങ്ങൾക്കും പ്രത്യേക പരിചരണം നൽകണമെന്നാണ് ഡോക‌്‌ടർ നിർദേശിച്ചിരിക്കുന്നത്. എടക്കാട്ടുവയൽ മൃഗാശുപത്രിയിൽ നിന്നും ഡോക‌്ടർ എത്തിയാണ് ചികിത്സ നൽകിയത്. പഞ്ചായത്തിന്റെ ആനുകൂല്യം ലഭിക്കുന്ന ക്ഷീര കർഷകനാണ് മനോജ്.
കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. ചാണകം ഒഴുകി തന്റെ വീട്ടിലെ കിണറ്റിൽ എത്തുന്നു എന്ന സംശയത്തിന്റെ പേരിലാണ് രാജീവ് പശുവിനെ വെട്ടിക്കൊന്നത്. ഇതിന് മുമ്പ് രാജീവ് നൽകിയ പരാതിയിൽ പഞ്ചായത്ത് അധികൃതർ മനോജിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വൃത്തിയായി പശുവിനെ വളർത്തുന്നവരാണ് മനോജും സുനിതയുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |