ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ വിവിധ പാർട്ടികളിലെ ദേശീയ നേതാക്കളടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ളവർ ആദരാഞ്ജലി അർപ്പിച്ചിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായുള്ള യെച്ചൂരിയുടെ ബന്ധത്തെക്കുറിച്ച് അനുസ്‌മരിച്ചിരിക്കുകയാണ് വി.എസിന്റെ മകൻ വി.എ അരുൺ കുമാർ. പാർട്ടിയുടെ ഉന്നതനേതാവ് എന്നതിനപ്പുറം വി.എസുമായി യച്ചൂരി പുലർത്തിവന്ന സൗഹൃദവും സ്നേഹവും അദ്ദേഹം ഓർത്തു. വ്യക്തിബന്ധത്തിനപ്പുറം പ്രത്യയശാസ്‌ത്ര ദാർഢ്യത്തിന്റെതായ ബന്ധം ഇവർ തമ്മിലുണ്ടായിരുന്നതായി വി.എ അരുൺ കുമാർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നു.
വി.എ അരുൺ കുമാറിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ചുവടെ:
ഏറെ വിഷമത്തോടെയും നിരാശയോടെയുമാണ് സഖാവ് സീതാറാം യച്ചൂരിയുടെ വിയോഗ വാർത്ത കേട്ടത്. പാർട്ടിയുടെ ഉന്നത നേതാവ് എന്നതിനപ്പുറം, അച്ഛനുമായി അദ്ദേഹം പുലർത്തിപ്പോന്ന സൗഹൃദവും സ്‌നേഹവും എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്. കേവലമായ വ്യക്തിബന്ധത്തിനപ്പുറം പ്രത്യയശാസ്ത്ര ദാർഢ്യത്തിന്റേതായ ഒരു വൈകാരിക ബന്ധം അവർക്കിടയിലുണ്ടായിരുന്നു.പ്രിയ സഖാവിന്റെ ഓർമ്മയ്ക്കു മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ.....
സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസ് മെഡിക്കൽ കോളേജിന് പഠനത്തിനായി വിട്ടുനൽകും. 14ന് ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ അറിയിക്കുന്നത്. ഇതിനശേഷമായിരിക്കും എയിംസിന് വിട്ടുനൽകുകയെന്നാണ് വിവരം. മൃതദേഹം ഇന്ന് എയിംസിലെ മോർച്ചറിയിൽ സൂക്ഷിക്കും.മൃതദേഹം നാളെ വൈകന്നേരം വസന്ത് കുഞ്ചിലെ വീട്ടിലേയ്ക്ക് കൊണ്ടപോകും. മറ്റെന്നാൾ രാവിലെ ഒൻപത് മണിമുതൽ ഉച്ചവരെ പൊതുദർശനം നടക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും എയിംസിലേയ്ക്ക് കൊണ്ടപോവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |