സന്ദർശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ
ന്യൂഡൽഹി : വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഔദ്യോഗിക വസതിയിലെത്തിയത് പുതിയ വിവാദത്തിന് തുടക്കമിട്ടു. സന്ദർശനത്തെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികളും, ഒരുവിഭാഗം സുപ്രീംകോടതി അഭിഭാഷകരും അടക്കം രംഗത്തെത്തി. അനുചിതമെന്ന് ഇടത് അഭിഭാഷക സംഘടനയായ അഖിലേന്ത്യാ ലായേഴ്സ് യൂണിയൻ പ്രതികരിച്ചു. എന്നാൽ, സന്ദർശനത്തെ ബി.ജെ.പി ന്യായീകരിച്ചു. ചീഫ് ജസ്റ്റിസ് ക്ഷണിച്ചതു പ്രകാരമാണ് മോദി ഗണേശപൂജയ്‌ക്കെത്തിയതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ജനങ്ങളിൽ സംശയമുയരും
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള സന്ദർശനത്തെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എതിർക്കുന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് വിനായക ചതുർത്ഥി. മുംബയ് സ്വദേശിയായ ചന്ദ്രചൂഡിനൊപ്പം ആരതി ഉഴിഞ്ഞത് അംഗീകരിക്കാനാകില്ലെന്നാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത് പ്രതികരിച്ചത്. ഭരണഘടനയുടെ സൂക്ഷിപ്പുകാരൻ, രാഷ്ട്രീയ നേതാവിനൊപ്പം ചേർന്ന് ഇത്തരത്തിൽ പ്രവർത്തിച്ചാൽ ജനങ്ങളിൽ സംശയമുയരും. ശിവസേന തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിൽ നിന്ന് ചന്ദ്രചൂഡ് വിട്ടുനിൽക്കണമെന്നും സഞ്ജയ് റൗത് ആവശ്യപ്പെട്ടു. ഗണേശപൂജ വ്യക്തിപരമായ കാര്യമാണ്. അതിന്റെ ചിത്രമെടുത്ത് പ്രചരിപ്പിച്ചത് അസുഖകരമായ സന്ദേശമാണ് നൽകുന്നതെന്ന് ആർ.ജെ.ഡി നേതാവ് മനോജ് ഝാ പ്രതികരിച്ചു.
ഒഴിവാക്കാമായിരുന്നു
സന്ദർശനം ഒഴിവാക്കാമായിരുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ജുഡിഷ്യറിക്ക് മോശം സന്ദേശം നൽകുന്ന കാര്യമെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ചീഫ് ജസ്റ്റിസ് സ്വതന്ത്രനായി പ്രവർത്തിക്കുമെന്നുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നാണ് അഡ്വ. ഇന്ദിരാ ജയ്സിംഗ് എക്‌സ് അക്കൗണ്ടിൽ കുറിച്ചത്.
അന്ന് കുഴപ്പമില്ലായിരുന്നു
ഗണേശപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു. 2009ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ അക്കാലത്തെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണൻ പങ്കെടുത്തിരുന്നു. അന്ന് ജുഡിഷ്യറി സുരക്ഷിതമായിരുന്നുവെന്നും ഇന്ന് മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണേശപൂജയിൽ പങ്കെടുത്തപ്പോൾ ജുഡീഷ്യറിക്ക് കുഴപ്പം സംഭവിച്ചെന്നും ബി.ജെ.പി നേതാവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |