കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാംപ്രതിക്ക് ജാമ്യം ലഭിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് രണ്ടാംപ്രതിയായ അനിതകുമാരിയ്‌ക്ക് ജാമ്യം നൽകിയത്. എന്നാൽ ഒന്നാംപ്രതിയായ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നാലാമതൊരാൾ കൂടി തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നു എന്ന കുട്ടിയുടെ പിതാവിന്റെ സംഭാഷണം പുറത്തായതോടെ കൊല്ലം ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ ജില്ലാ കോടതി തുടരന്വേഷണത്തിന് അനുമതി നൽകി.
നാലാമതൊരാൾ കൂട്ടത്തിലുണ്ടായിരുന്നു എന്ന് കുട്ടിയും പറഞ്ഞിരുന്നു. ഇക്കാര്യം ഉറപ്പിക്കാനാണ് അന്വേഷണം. നേരത്തെ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പഠനത്തിനായി ജാമ്യം നൽകണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. ഇത് ഉപാധികളോടെ കോടതി അനുവദിച്ചു.
2023 നവംബർ 27നാണ് മരുതമൺ കാറ്റാടിയിലെ വീടിന് സമീപത്തുവച്ച് പത്മകുമാറും കുടുംബവും കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുകയായിരുന്ന പത്മകുമാറും കുടുംബവും ഇതിൽ നിന്നും രക്ഷനേടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്ന് രാത്രിതന്നെ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തെ ഇവർ വിളിച്ചു. പിന്നീട് അന്വേഷണം വ്യാപിപ്പിക്കുകയും വാർത്ത വലിയ തോതിൽ പ്രചരിക്കുകയും ചെയ്‌തതോടെ കുട്ടിയെ ആശ്രാമം മൈാതനത്തിൽ ഉപേക്ഷിച്ച് ഇവർ മുങ്ങി. പിന്നീട് തമിഴ്‌നാട്ടിലെ പുളിയറയിൽ നിന്നാണ് മൂവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് പത്മകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |