കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി സെെബർ തട്ടിപ്പ് സംഘം. എംഎൽഎയുടെ മകൾ ഡൽഹി പൊലീസിന്റെ പിടിയിലായിയെന്ന് വ്യാജ സന്ദേശം അയച്ചായിരുന്നു ഭീഷണി. ഇന്നലെ രാവിലെയായിരുന്നു സംഭവം. മകൾ മയക്കുമരുന്നുമായി ഡൽഹി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം. അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിൽ എറണാകുളം സെെബർ പൊലീസ് അന്വേഷണം തുടങ്ങി. എംഎൽഎയുടെ കുടുംബത്തിന്റെ കെെയിൽ നിന്ന് പണം തട്ടാനായിരുന്നു ശ്രമം.
അടുത്തിടെ സംഗീത സംവിധായകൻ ജെറി അമൽദേവിനെ 'വിർച്വൽ അറസ്റ്റ്" ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പണം തട്ടാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്റെ ശ്രമം ബാങ്ക് മാനേജരും പൊലീസും ചേർന്ന് തകർത്തിരുന്നു. സി ബി ഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച സംഘം 2.7 ലക്ഷം രൂപ കൈക്കലാക്കാനാണ് ശ്രമിച്ചത്.
അക്കൗണ്ടിലുള്ള 2.7 ലക്ഷം രൂപ ഉടൻ മറ്റൊരു കറന്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെറി അമൽദേവിന് സന്ദേശം എത്തിയത് മുതൽ ഫെഡറൽ ബാങ്കിന്റെ പച്ചാളം ബ്രാഞ്ച് ഓഫീസ് നാടകീയ സംഭവങ്ങൾക്ക് വേദിയായി. ഹെഡ്‌ഫോണിലൂടെ തട്ടിപ്പുകാരുമായി സംസാരിച്ചുകൊണ്ടാണ് ജെറി അമൽദേവ് ബ്രാഞ്ച് ഓഫീസിൽ എത്തിയത്. പെരുമാറ്റത്തിൽ ബാങ്ക് മാനേജർ എസ് സജിന മോൾക്ക് പന്തികേട് തോന്നി. ഫോൺ കട്ട് ചെയ്തിട്ട് തുടർ നടപടിയിലേക്ക് കടക്കാമെന്ന് അറിയിച്ചപ്പോൾ പറ്റില്ലെന്നായി ജെറി അമൽദേവ്. തുടർന്ന് ഇത് തട്ടിപ്പായിരിക്കുമെന്ന് പേപ്പറിൽ എഴുതിക്കാണിച്ചു.
പണം കൈമാറണമെന്നതിൽ ജെറി ഉറച്ചുനിന്നു. തട്ടിപ്പുകാർ പറഞ്ഞുകൊടുത്ത അക്കൗണ്ട് നമ്പർ പരിശോധിച്ചപ്പോൾ മാനേജർ ഞെട്ടി. ഡൽഹിയിലെ മുഖ്യാനഗർ എസ്.ബി.ഐ ബ്രാഞ്ചിലെ ജനതാസേവാ എന്ന അക്കൗണ്ടായിരുന്നു അത്. തുടർന്ന് സജിന സുഹൃത്തായ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അനൂപ് ചാക്കോയെ വിവരം അറിയിച്ചു. വിവരം കേട്ടപ്പോൾ തന്നെ എസ്.ഐക്ക് അപകടം മണത്തു.
ജെറി അമൽദേവുമായി സംസാരിച്ച എസ്.ഐ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരിക്കലും വീഡിയോ കോളിലോ വാട്‌സ്ആപ്പ് കോളിലോ വിളിച്ച് അറസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞു മനസിലാക്കി തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |