ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സോഷ്യൽ മീഡിയയിൽ 100 കോടി ഫോളോവേഴ്സ്
റിയാദ്: എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 100 കോടി (1 ബില്ല്യൺ) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ലോകത്തെ ആദ്യ വ്യക്തിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ സോഷ്യൽ മീഡിയയിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിച്ചത്. ഇൻസ്റ്റഗ്രാമിൽ 63.8 കോടി,ഫേസ്ബുക്കിൽ 17 കോടി, എക്‌സിൽ 11.3 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലിൽ 6.06 കോടി,ചൈനീസ് ഉൾപ്പടെയുള്ള മറ്റ് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലായി 1.84 കോടി എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്നവരുടെ പട്ടിക.
ഈ വർഷം ഓഗസ്റ്റ് 21-ന് യൂട്യൂബിലേക്ക് ക്രിസ്റ്റ്യാനോയുടെ ആദ്യ ചുവടുവെയ്പ്പുതന്നെ ചരിത്രമായിരുന്നു. ചാനൽ ആരംഭിച്ച് 90 മിനിട്ടിനുള്ളിൽ 10 ലക്ഷത്തിലധികം ആളുകൾ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തു. ഇതോടെ ഏറ്റവും വേഗത്തിൽ 10 ലക്ഷം (ഒരു മില്യൺ) സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനലായി ഇത്. 24 മണിക്കൂറിനുള്ളിൽ ഇത് ഒരു കോടി സബ്‌സ്‌ക്രൈബേഴ്സായി. യൂട്യൂബിന്റെ സിൽവർ, ഗോൾഡ്, ഡയമണ്ട് പ്ലേ ബട്ടണുകൾ അതിവേഗമാണ് ക്രിസ്റ്റ്യാനോ തേടിയെത്തിയത്.
ലോക ജനസംഖ്യയുടെ എട്ട് ശതമാനത്തോളം പേരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ക്രിസ്റ്റ്യാനോയെ പിന്തുടരുന്നത്. ചൈനീസ് പ്ലാറ്റ്ഫോമുകളായ വെയ്ബോയിലും ക്യുക്യുവിലും മറ്റും താരത്തിന് നല്ല രീതിയിൽ ഫോളോവേഴ്‌സുണ്ട്. 'നൂറ് കോടി സ്വപ്നങ്ങൾ, ഒരു യാത്ര' എന്നാണ് താരം 100 കോടി ഫോളോവേഴ്സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയില്‍ കുറിച്ചത്. 'എന്നിൽ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നമ്മൾ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.' - ക്രിസ്റ്റ്യാനോ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |