ന്യൂഡൽഹി: ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം സങ്കീർണമാണെന്നും കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സേനാപിന്മാറ്റം സംബന്ധിച്ച് ചൈനയുമായുള്ള 75ശതമാനം പ്രശ്നങ്ങളും പരിഹരിച്ചെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സ്വിറ്റ്‌സർലൻഡിലെ ജനീവ സെന്റർ ഫോർ സെക്യൂരിറ്റി പോളിസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തിയിൽ സൈനികവൽക്കരണം വർദ്ധിക്കുന്നത് വലിയ പ്രശ്നമാണ്. അതാണ് പരസ്പര ബന്ധത്തെ ബഹാധിക്കുന്നത്. ഇരുവശത്തും സേനാ പിൻമാറ്റം പൂർത്തിയായാൽ മറ്റ് സമാധാന സാദ്ധ്യതകളിലേക്ക് കടക്കാമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ 2020 മേയിൽ ആരംഭിച്ച തർക്കം ഭൂമി കൈയേറ്റത്തെ ചൊല്ലി ആയിരുന്നില്ല. അതിർത്തി കടന്നുള്ള സൈനിക വിന്യാസമാണ് പ്രശ്നമായത്. കരാറുകളുടെ ലംഘനമാണ് നടന്നത്. യഥാർത്ഥത്തിൽ സംഭവിച്ചത് ഇന്ത്യയ്ക്ക് ഇപ്പോഴും വ്യക്തമല്ല. ചൈനീസ് സേന യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച് കയറി. അതിനോട് പ്രതികരിച്ച ഇന്ത്യയും സൈനികരെ മുകളിലേക്ക് നീക്കി. കൊവിഡ് ലോക്ക്ഡൗണിൽ സാഹചര്യം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഉയർന്ന പ്രദേശങ്ങളിൽ അതിശൈത്യത്തിൽ സൈനികർക്ക് അപകട സാദ്ധ്യതയും ഏറെയായിരുന്നു.
അതിന്റെ തുടർച്ചയാണ് 2022 ജൂണിൽ ഗാൽവൻ താഴ്‌വരയിൽ സംഭവിച്ചത് . സമാധാനം തകർത്ത് ചൈന എന്തിന് ആ സൈനിക നീക്കം നടത്തി എന്നതാണ് ഇന്ത്യയുടെ ചോദ്യം. നാല് വർഷമായി നടക്കുന്ന ചർച്ചകളിൽ നേരിയ പുരോഗതി ഉണ്ടായി. ഇരുഭാഗത്തും സൈന്യം താവളങ്ങളിലേക്ക് മടങ്ങുന്നു. ഇരു സൈന്യവും അതിർത്തിയിൽ പതിവായി പട്രോളിംഗും നടത്തുന്നു. സംഘർഷമുണ്ടായത് നിയമപരമായ അതിർത്തിയിൽ അല്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
നാലിടത്ത് പിന്മാറ്റം പൂർണമെന്ന് ചൈന
ഗാൽവൻ താഴ്വര ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ നിന്ന് ഇരുസേനകളും പിന്മാറിയെന്നും അതിർത്തിയിൽ ഇപ്പോൾ സ്ഥിരതയുള്ള അന്തരീക്ഷമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് മോസ്കോയിൽ പറഞ്ഞു. അതിർത്തിയിലെ സൈനികവൽകരണത്തെ പറ്റിയുള്ള ജയശങ്കറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ. മോസ്കോയിലുള്ള ഇന്ത്യൻ ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അതിർത്തി പ്രശനം ചർച്ച ചെയ്‌തതിന് പിന്നാലെയാണ് വക്താവിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |