കൊച്ചി: മെഡിക്കൽ ഷോപ്പിന്റെ മറവിൽ അനധികൃത മരുന്നുകച്ചവടം. രേഖകളില്ലാതെ മരുന്ന് വില്പന നടത്തിയ എറണാകുളം കടവന്ത്രയിലെ സ്പെക്ട്രം ഫാർമ എന്ന സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടപടി ആരംഭിച്ചു. അനധികൃതമായി മരുന്ന് വിറ്റതിനെതിരെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. വൈകാതെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അനധികൃതമായി മരുന്നുകൾ വാങ്ങിയ ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം എക്‌സൈസ് തുടങ്ങി. രഹസ്യ വിവരത്തെത്തുടർന്ന് എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡും ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ജില്ലയിൽ 13 മെഡിക്കൽ ഷോപ്പുകളാണ് സ്പെക്ട്രം ഫാർമയ്ക്കുള്ളത്. ഇവിടങ്ങളിലും ഇത്തരം ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡോക്ടറുടെ കുറിപ്പില്ലാതെ ഇവിടെനിന്നും 2758 ട്രമഡോൾ എന്ന ഗുളികകളാണ് വിറ്റത്. ഇത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരി മരുന്നായി ദുരുപയോഗം ചെയ്തു വരുന്ന മരുന്നാണ്. 2024 ജൂലായ് മുതൽ 20,910 ഗുളികകളാണ് സ്‌പെക്ട്രം ഫാർമയിൽ വാങ്ങിയിട്ടുള്ളത്. ഇതിൽ 18,535 ഗുളികകൾ വില്പന നടത്തിയിട്ടുണ്ട്. ഇതിനുപുറമേ ലഹരി വസ്തുവായി ഉപയോഗിക്കുന്ന സ്പാസ്‌മോണിൽ ടാബ്‌ലെറ്റും രേഖളില്ലാതെ വൻ തോതിൽ വില്പന നടത്തിയതായി കണ്ടെത്തി. ഒസിബി സിഗരറ്റ് റോളിംഗ് പേപ്പറുകളുടെ വൻ ശേഖരവും പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |