പാലക്കാട്: ഓണാവധിക്ക് അനങ്ങൻമലയുടെ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകരുടെ കുത്തൊഴുക്ക്. വനം വകുപ്പിനു കീഴിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഉത്രാടം മുതൽ ചൊവ്വാഴ്ച വരെയുള്ള നാലുദിവസങ്ങളിൽ 2063 പേരാണ് സന്ദർശനത്തിനെത്തിയത്. ടിക്കറ്റുവഴി 74620 രൂപ ലഭിച്ചു. ഏറ്റവും കൂടുതൽ പേർ എത്തിയത് അവിട്ടം ദിവസമായ തിങ്കളാഴ്ചയാണ്. കുട്ടികളടക്കം 699 പേർ സന്ദർശിക്കുകയും 25,360 രൂപ വരുമാനം ലഭിക്കുകയും ചെയ്തു. തിരുവോണനാളിൽ 21980 രൂപയും ഉത്രാടംദിനത്തിൽ 8210 രൂപയും വരുമാനം ലഭിച്ചു.
കണ്ണെടുക്കാൻ തോന്നാത്ത പച്ചപ്പിനപ്പുറത്ത് കണ്ണെത്താദൂരത്തോളം നീണ്ടുനിവർന്നു കിടക്കുന്ന അനങ്ങൻമല പാലക്കാട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ്. ഏതു സമയത്തും ഏതു ചൂടിലും ഉള്ളം കുളിർപ്പിക്കാൻ വന്നെത്താവുന്ന ഇടം. പച്ച നിറഞ്ഞു നിൽക്കുന്ന താഴ്വാരങ്ങളും കയ്യെത്തി പിടിക്കാവുന്ന ദൂരത്തിൽ നീങ്ങിമാറുന്ന മേഘങ്ങളും പിന്നെ കോടമഞ്ഞും കൂടുന്ന അനങ്ങൻമല ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടമാകും.
പരിപാലനവും വികസന പദ്ധതികളും പരിമിതമായ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഓരോ വർഷവും മികച്ച വരുമാനം ലഭിക്കുന്നത് ഓണം ഉൾപ്പെടെ ആഘോഷ വേളകളിലാണ്. കുട്ടികളുടെ പാർക്കും മലമുകളിലേക്കുള്ള ട്രക്കിംഗും മുകളിലെ വ്യൂ പോയിന്റും വിശ്രമ കേന്ദ്രങ്ങളും ചെറിയ വെള്ളച്ചാട്ടവും കിഴൂരിലെ നീർപ്പാലവുമെല്ലാമാണ് അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ആകർഷണങ്ങൾ. വള്ളുവനാട്ടിലെ സ്ഥിരം സിനിമാ ലൊക്കേഷൻ കൂടിയാണ് അനങ്ങൻമല ഇക്കോടൂറിസം കേന്ദ്രവും സമീപ പ്രദേശങ്ങളും.
അനങ്ങൻമലയുടെ കീഴൂർഭാഗത്തായി 2011ൽ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തതാണ് അനങ്ങൻമല ഇക്കോടൂറിസം പദ്ധതി. അന്ന് ഒറ്റപ്പാലം മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ ഷൊർണൂർ മണ്ഡലത്തിലാണ് അനങ്ങൻമല സ്ഥിതിചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വികസന പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടാൽ കൂടുതൽ സന്ദർശകരെ ഇവിടേക്ക് ആകർഷിക്കാനാകും.
രണ്ടാംഘട്ടം ഇനിയെപ്പോൾ
മലമുകളിൽ കോട്ടേജുകൾ, റോപ്‌വേ, ഭക്ഷണശാല അനങ്ങൻമല ഇക്കോടൂറിസം കേന്ദ്രത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികൾ വിഭാവനം ചെയ്യപ്പെട്ട രണ്ടാംഘട്ടം വിസ്മൃതിയിലേക്ക്. ആദ്യഘട്ട നിർമ്മാണം പൂർത്തിയായ 14 വർഷം മുൻപു പ്രഖ്യാപിക്കപ്പെട്ട പദ്ധതികളാണ് ഇനിയും നടപ്പാകാത്തത്. ഉദ്ഘാടത്തിനു ശേഷം ഒരു തവണ പരിപാലന പ്രവർത്തനങ്ങൾ നടന്നതൊഴിച്ചാൽ കാര്യമായ വികസന പദ്ധതികളൊന്നും ടൂറിസം കേന്ദ്രത്തിൽ നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |