ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ എല്ലാദിവസവും ഭൂമിയിലേയ്ക്ക് തിരികെ വീഴുന്നതിന്റെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഭൂമിയുടെ ഭ്രമണപഥത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ബഹിരാകാശ അവശിഷ്ടങ്ങളുടെ ശൃംഖല പതിപ്രവർത്തനം (ചെയിൻ റിയാക്ഷൻ) ആണിതെന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞർ.
അമേരിക്കയിലെ ഗവേഷക കേന്ദ്രമായ സ്‌മിത്ത്‌സോണിയനിലെ ആസ്‌ട്രോഫിസിസ്റ്റ് ജോനാഥാൻ മെക്‌ഡോവൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം എല്ലാ ദിവസവും ഒന്നോ രണ്ടോ ഉപഗ്രഹങ്ങളാണ് ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് തിരികെ പ്രവേശിക്കുന്നത്. സ്‌പേസ് എക്‌സിന് പുറമെ ആമസോണിന്റെ പ്രോജക്‌ട് ക്യൂപർ, ചൈനീസ് ഉപഗ്രഹങ്ങൾ എന്നിവ കൂടി തിരികെ പ്രവേശിക്കുന്നതോടെ എണ്ണം അഞ്ച് ആയി ഉയരാമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
'നമുക്ക് മുകളിലായി നിലവിൽ 8,000ത്തിലധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണുള്ളത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ ഏകദേശം 30,000വും പ്രതീക്ഷിക്കാം. ചൈനീസ് സംവിധാനങ്ങളുടെ മറ്റൊരു 20,000 എണ്ണവും കൂടി കണക്കാക്കുമ്പോൾ ഒരു ദിവസം അഞ്ച് എണ്ണം വരെ ഭൂമിയിലേയ്ക്ക് തിരികെ കയറാം"-മെക്‌ഡോവൽ വ്യക്തമാക്കി. ഓരോ സ്റ്റാർലിങ്ക് ഉപഗ്രഹത്തിന്റെയും ആയുസ് ഏകദേശം അഞ്ച് മുതൽ ഏഴ് വർഷം വരെയാണ്. പഴയ യൂണിറ്റുകൾ പതിവായി ഭ്രമണപഥം വിച്ഛേദിക്കപ്പെടുകയോ സംവിധാനത്തിലെ തകരാറുകൾ മൂലമോ സൗരോർജ്ജ പ്രവർത്തനം മൂലമോ ആണ് ഭൂമിയിലേയ്ക്ക് വീഴുന്നത്.
പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും റോക്കറ്റിന്റേതടക്കം അവശിഷ്ടങ്ങളുടെയും വർദ്ധിക്കുന്നത് ഭൂമിയെ കെസ്ലർ സിൻഡ്രോമിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടികൾ കൂടുതൽ അവശിഷ്ടങ്ങൾ സൃഷ്ടിക്കുകയും, കൂട്ടിയിടികളുടെ ഒരു ശൃംഖലയിലേക്ക് നയിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്. ഇങ്ങനെ സംഭവിക്കുന്നത് ബഹിരാകാശത്തിലെ ചില ഭാഗങ്ങൾ ഉപയോഗശൂന്യമായി മാറുന്നതിന് കാരണമാവും.
സൂര്യന്റെ 11 വർഷത്തെ ചക്രത്തിലെ ഏറ്റവും സജീവമായ കാലഘട്ടമായ നിലവിലെ സൗരതാപനില, ഉപഗ്രഹങ്ങളുടെ തകരാറിന് കാരണമാകുന്നുവെന്ന് മക്‌ഡൊവൽ അഭിപ്രായപ്പെടുന്നു. സൗരജ്വാലകളും കൊറോണൽ മാസ് ഇജക്ഷനുകളും ഭൂമിയുടെ മുകളിലെ അന്തരീക്ഷത്തെ ചൂടാക്കുന്നു. ഇത് ഉപഗ്രഹങ്ങളെ മന്ദഗതിയിലാക്കുകയും അവയെ താഴേക്ക് വലിക്കുകയും ചെയ്യുന്നുവെന്നും മക്‌ഡൊവൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |