സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടെന്ന് പറയുന്നത് ഒരുപരിധി വരെ ശരിയാണെന്ന് ഗായകൻ മാർക്കോസ്. 40 വർഷത്തിന് മുകളിലുള്ള തന്റെ അനുഭവത്തിൽ സിനിമയിൽ ഇതെല്ലാം ഉണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് മാർക്കോസ് പറഞ്ഞു. ഇതൊരു പ്രത്യേക ലോകമാണ്. നമ്മൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അത്തരം പവർഗ്രൂപ്പുകളാണ്. നമ്മുടെ കൈയിൽ കഴിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും മാർക്കോസ് വ്യക്തമാക്കി.
''ഞാൻ വന്നകാലം മുതൽ ഈ നിമിഷം വരെയും യേശുദാസിനെ അനുകരിക്കുന്നു എന്ന വിമർശനം കേൾക്കുകയാണ്. പാട്ടു പാടിക്കുന്നവരും നിരൂപകരുമെല്ലാം എന്നെ കുറിച്ച് പറഞ്ഞത് ഇക്കാര്യമാണ്. മലയാളത്തിൽ എടുത്തുനോക്കുവാണെങ്കിൽ, പഴയ കുറേ വിഗ്രഹങ്ങളെ തന്നെയാണ് ഇന്നും പുനപ്രതിഷ്‌ഠിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ എത്ര നന്നായിട്ട് ചെയ‌്താലും അളവുകോൽ എന്ന് പറയുന്നത് യേശുദാസാണ്. യേശുദാസിനെ പോലെ പാടിയോ? യേശുദാസിനേക്കാൾ നന്നായി പാടിയോ? എന്നൊക്കെയാണ് നോക്കുന്നത്. എന്നിട്ട് അതുപോലെ പാടിയാലോ? അപ്പോൾ പറയും യേശുദാസിനെ അനുകരിക്കുന്നുവെന്ന്.
യേശുദാസിനെ എന്താ അനുകരിക്കാൻ കൊള്ളില്ലേ? നമ്മുടെ ചുറ്റുപാടുമുള്ളവരേയല്ലേ നമ്മൾ ആദ്യം പഠിക്കുക. ഇവരുടെയൊക്കെ സ്വാധീനം നമ്മളിലുണ്ട്. അനുകരിക്കുന്നില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ്. വെള്ളയായിരുന്നു എന്റെ ജീവിതത്തിലെ വില്ലൻ. വെള്ള വസ്ത്രം മറ്റുള്ളവർ ധരിക്കുമ്പോൾ പ്രശ്നമില്ല. മാർക്കോസ് ധരിക്കുമ്പോൾ മാത്രേമേയുള്ളൂ. വെള്ള എനിക്കൊരു മാരണമായി മാറിയിരിക്കുകയാണ്. ''- മാർക്കോസിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |